എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് മലര്‍ന്നു കിടന്നു തുപ്പുന്നു ; കരാര്‍ ലംഘനം ആദ്യം നടത്തിയത് കോണ്‍ഗ്രസെന്നും കെ.എം മാണി
എഡിറ്റര്‍
Wednesday 3rd May 2017 2:57pm

കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. കരാര്‍ ലംഘനം ആദ്യം നടത്തിയത് കോണ്‍ഗ്രസാണെന്നും അവര്‍ മലര്‍ന്നുകിടന്നു തുപ്പുകയാണെന്നും മാണി പറഞ്ഞു.

കോട്ടയം ഡി.സി.സി തന്നെ കുത്തിനോവിച്ചു. എല്‍.ഡി.എഫിനെ കൂട്ടുപിടിക്കുക എന്നത് ജില്ലാ പഞ്ചായത്തിലെ അംഗങ്ങള്‍ സ്വയമെടുത്ത തീരുമാനമാണ്. തനിക്കും ജോസ് മാണിക്കും അതില്‍ പങ്കില്ല. എം.എല്‍.എമാര്‍ക്കും പങ്കില്ലെന്നും മാണി പറഞ്ഞു.

സി.പി.ഐ.എമ്മിലേക്ക് പോകാന്‍ തീരുമാനിച്ചില്ലട്ടില്ല. മുന്നണി മാറ്റത്തിലെ ചര്‍ച്ച തെരഞ്ഞെടുപ്പ് ആകുമ്പോള്‍ നടത്തും. ഇതുവരെ എല്‍.ഡി.എഫുമായി ഒരു ചര്‍ച്ചയും നടത്തിട്ടില്ലെന്നും മാണി പറഞ്ഞു.

സി.പി.ഐ. എമ്മിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ അട്ടിമറിച്ചാണ് കേരള കോണ്‍ഗ്രസ് എം. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നത്. കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് കരാറുണ്ടാക്കിയശേഷം നാടകീയമായാണ് കേരള കോണ്‍ഗ്രസ് അട്ടിമറി നടത്തിയത്.

22 അംഗങ്ങളുള്ള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സി.പി.ഐ. എം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് സക്കറിയാസ് കുതിരവേലി പ്രസിഡന്റാകുകയും ചെയ്തു.

സി.പി.ഐ.എമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സി.പി.ഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കുകയും ചെയ്തു.

Advertisement