തൃശൂര്‍: രാജ്യസഭ സീറ്റ് കിട്ടണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഉറച്ചുനില്‍ക്കുകയാണെന്ന് ധനമന്ത്രി കെ.എം.മാണി. എത്രയോ മുമ്പേ പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റ് കിട്ടേണ്ടതാണ്. ഇക്കാര്യത്തില്‍ ഇനിയും സഹിക്കാനാവില്ലെന്നും കഴിഞ്ഞ തവണത്തെ പോലെ വഴങ്ങില്ലെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫില്‍ കുറുമുന്നണി ഇല്ലെന്നും കുറുമുന്നണി ഉണ്ടാക്കി ചെറുതാകേണ്ട കാര്യം ഞങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം ലീഗ് അഞ്ചാമതൊരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അത് അന്യായമാണെന്ന് പറയാനാകില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അതേക്കുറിച്ചു ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം അനിശ്ചിതത്വത്തിലായതു പോലെ കേരളാ കോണ്‍ഗ്രസ് (എം) ചോദിക്കുന്ന രാജ്യസഭാ സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍, അഞ്ചാം മന്ത്രിയുടെയും രാജ്യസഭാ സീറ്റിന്റെയും കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കാന്‍ ലീഗും കേരളാ കോണ്‍ഗ്രസും (എം) തീരുമാനിച്ചിരുന്നു. മന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിനു പകരം രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ലീഗ് കേരളാ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്നാണു ധാരണ.

Malayalam News

Kerala News in English