ന്യൂദല്‍ഹി: പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടുന്നവരുമായി സന്ധി ചെയ്യില്ലെന്ന് ജെ.എസ്.എസ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.കെ ഷാജു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ പ്രവര്‍ത്തിച്ചവരെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത് ശരിയായില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗൗരിയമ്മയെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷാജു പറഞ്ഞു.

ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേയ്ക്ക് പരിഗണിക്കേണ്ടവരെക്കുറിച്ച് കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിലുണ്ടായ തീരുമാനത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനങ്ങള്‍. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe Us:

കോര്‍പറേഷന്‍ ബോര്‍ഡ് സ്ഥാനം വീതംവെപ്പിനെച്ചൊല്ലിയാണ് ജെ.എസ്.എസില്‍ ഭിന്നത രൂക്ഷമായത്.

എം.എല്‍.എയാവുകയും നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തവരെ കോര്‍പറേഷന്‍ ബോര്‍ഡ് ഭാരവാഹികളാക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനത്തെത്തുടര്‍ന്ന്, താന്‍ ആവശ്യപ്പെട്ട സ്ഥാനം നല്‍കാത്തതിന്റെ പേരില്‍ ശനിയാഴ്ച ചാത്തനാട് കെ.ആര്‍ ഗൗരിയമ്മയുടെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗത്തില്‍നിന്ന് ഷാജു വിട്ടുനിന്നിരുന്നു. ഷാജുവിന് ഒപ്പംനില്‍ക്കുന്ന ഉമേഷ് ചള്ളിയില്‍ , ജി പുഷ്പരാജന്‍ , പി എസ് പ്രദീപ്, എന്നിവരും യോഗത്തിനെത്തിയിരുന്നില്ല. സംസ്ഥാന പ്രസിഡന്റ് എ.എന്‍ രാജന്‍ ബാബുവും പങ്കെടുത്തിരുന്നില്ല. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചിരുന്നു.