തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍. സോണിയാഗാന്ധിക്കെതിരെയും ചെന്നിത്തലക്കെതിരെയും ഉമ്മന്‍ചാണ്ടിക്കെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍നിന്നും താന്‍ ഊരുവിലക്ക് നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ വ്യക്തമാക്കി. അഴിമതിക്ക് കൂട്ടുനില്‍ക്കാഞ്ഞതിനാലാണ് തന്നെ 2006ല്‍ മന്ത്രിസഭയില്‍നിന്നും പുറത്താക്കിയത്. അഴിമതിക്ക് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തന്നെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. തന്റെ വകുപ്പ് എടുത്ത് മാറ്റുമെന്ന് പിന്നീട് ഭീഷണിപ്പെടുത്തി. ഹിമാലയ കേസുകള്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. ഇരുവരും യു.ഡി.എഫ് ജയിച്ചാല്‍ ഇവര്‍ രണ്ടു പേരും മുഖ്യമന്ത്രിമാരാവരുതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സില്‍ പേയ്‌മെന്റ് സീറ്റ് നല്‍കിയ സംഭവം ഉണ്ടായിട്ടുണ്ട്. അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസിലെത്തിയപ്പോള്‍ ഒരാള്‍ മാത്രമാണ് എത്തിയത്. അബ്ദുല്ലക്കുട്ടിക്ക് പാര്‍ട്ടി സീറ്റ് കൊടുത്തു. എന്നാല്‍ ലക്ഷക്കണക്കിന് ആളുകളുമായെത്തിയ കെ.കരുണാകരന് അര്‍ഹിച്ച പ്രാധാന്യം ലഭിച്ചില്ല. ആയിരക്കണക്കിന് ആളുകളുമായി കോണ്‍ഗ്രസിലേക്ക് വരാന്‍ ശ്രമിച്ച മുരളീധരന്റെ പ്രവേശനം ഇവര്‍ തടയാന്‍ ശ്രമിച്ചു. ഇങ്ങിനെ പോയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് ഇല്ലാതാകും. പേമെന്റ് സീറ്റിനായി സോണിയയുടെ ഓഫീസില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പേമെന്റ് സീറ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും.

കല്‍പ്പറ്റയില്‍ സീറ്റുനല്‍കാത്തതിലല്ല ഇങ്ങനെ പറയുന്നത്. 2006ലും തനിക്ക് സീറ്റ് നിഷേധിക്കാന്‍ ശ്രമം നടത്തിയിരുന്നു. അന്ന് എം.കെ രാഖവനെ കൊണ്ട് വന്ന് തോല്‍പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് മണത്തറിഞ്ഞ് രാഖവന്‍ പിന്‍മാറുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനൊടുവിലാണ് വികാര നിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. പാര്‍ട്ടിയില്‍ താന്‍ നേരിട്ട അവഗണ വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്.