ന്യൂദല്‍ഹി: എം വി ശ്രേയാംസ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് കാണിച്ച് എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ നല്‍കിയ ഹരജി തള്ളിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം വി ശ്രേയാംസ്‌കുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ സിമയത്ത് തനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നും മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തകള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും കാണിച്ചാണ് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. തിരഞ്ഞെടുപ്പ്് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

എന്നാല്‍ ശ്രേയാംസ്‌കുമാറിന്റെ അഭിഭാഷകന്റെ തടസവാദങ്ങള്‍ കേട്ടയുടന്‍ ഹൈക്കോടതി കോടതി രാമചന്ദ്രന്‍ മാസ്റ്ററുടെ ഹരജി തള്ളുകയായിരുന്നുവെന്നും ഹരജിയില്‍ വിശദമായ വാദം നടത്തണമെന്നും കാണിച്ച്് രാമചന്ദ്രന്‍ മാസ്റ്റര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി ജഡ്ജുമാരായ ടി കെ ജയിന്‍, ടി എസ് താക്കൂര്‍ എന്നിവരടങ്ങിയ ബഞ്ച്് വിധി പ്രസ്താവിച്ചത്.

തിരഞ്ഞെടുപ്പ് സമയത്ത് എല്‍ ഡി എഫിനൊപ്പമായിരുന്ന ശ്രേയാംസ്‌കുമാര്‍ ഇപ്പോള്‍ രാമചന്ദ്രന്‍മാസ്റ്ററുള്‍പ്പെടെയുള്ള യു ഡി എഫിലാണെന്നത് ശ്രദ്ധേയമാണ്.