Categories

സി.ബി.ഐ അന്വേഷണം: രമ അനിശ്ചിതകാല നിരാഹാര സമരം നടത്തും

k.k-rama

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധകേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ നിരാഹാര സമരം നടത്തും.

അടുത്തമാസം മൂന്നുമുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുന്നത്. ടി.പി വധക്കേസ് വിധിയില്‍ താന്‍ സംതൃപ്തയല്ലെന്ന് രമ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ടി.പി വധക്കേസില്‍ എരഞ്ഞിപാലം മാറാട് സ്‌പെഷ്യല്‍ കോടതി ഇന്നലെ 12 പേരെ കുറ്റക്കാരായി വിധിക്കുകയും 24 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

എന്നാല്‍ ടി.പി വധം സി.ബി.ഐ അന്വേഷിക്കുന്നത് പരിഗണനയിലാണെന്ന് അഭ്യന്തരമന്ത്ര രമേശ് ചെന്നിത്തലയും നിയമോപദേശത്തിനു ശേഷം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ അറിയിച്ചിരുന്നു.

അതേസമയം, പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഴുവന്‍ പേര്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നാണ് പ്രോസിക്യൂഷന്‍ കേസിനെ വിശേഷിപ്പിച്ചത്. എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് പ്രതിഭാഗം വാദിച്ചു.