കോഴിക്കോട്: ടി.പി വധക്കേസിലെ പ്രതികളെ പുറത്ത് വിട്ടാല്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് കെ.കെ രമ. സര്‍ക്കാര്‍ കളിക്കുന്നത് ചോരക്കളിയാണെന്നും രമ പറഞ്ഞു.


Also read ‘എന്റെ മുഖം ട്രോളുകളില്‍ നിരന്തരമായി വരാന്‍ കാരണമെന്താണെന്നതിനെ പറ്റി ഞാനൊരു പഠനം തന്നെ നടത്തി’; ഒരു മരണവാര്‍ത്ത തന്നെ ചിരിപ്പിച്ചത് എങ്ങനെയെന്നും സലിം കുമാര്‍


കേരളപ്പിറവിയോടനുബന്ധിച്ച് ജയിലില്‍ നിന്ന് മോചിപ്പിക്കാനും ശിക്ഷായിളവ് നല്‍കാനും തീരുമാനിച്ചവരുടെ പട്ടികയില്‍ ടി.പി കേസിലെ പ്രതികളും ഉള്‍പ്പെടുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിനെത്തുടര്‍ന്നാണ് രമയുടെ പ്രതികരണം.

ടി.പിയെ കൊന്നത്  സി.പി.ഐ.എമ്മാണെന്ന് പറയാതെ പറയുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും രമ ചൂണ്ടിക്കാട്ടി. ജയില്‍ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ സര്‍ക്കാര്‍ ശിക്ഷയിളവ് നല്‍കാനും പുറത്ത വിടാനും ഉദ്ദേശിച്ചവരില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 11 പ്രതികളാണ് ഉള്‍പ്പെട്ടിരുന്നത്.

സുനില്‍ കുമാര്‍ (കൊടിസുനി), കെ.സി രാമചന്ദ്രന്‍, സിജിത്ത്, കുഞ്ഞനന്ദന്‍, കിര്‍മ്മാണി മനോജ്, റഫീക്ക്, അനൂപ്, മനോജ് കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട 11 പ്രതികള്‍.

നേരത്തെ ടി.പി കേസിലെ പ്രതികളെ പുറത്ത് വിടുന്നെന്ന വാര്‍ത്ത നിയമസഭയിലുള്‍പ്പെടെ മുഖ്യമന്ത്രി നിഷേധിച്ചിരുന്നതാണ്. ടി.പി കേസ് പോലെ വിവാദമായ കേസിലെ പ്രതികളെ ജീവപര്യന്തം ശിക്ഷയുടെ കാലയളവായ 14 വര്‍ഷം കഴിയാതെ എങ്ങനെ പുറത്ത് വിടാന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞിരുന്നത്.