തിരുവനന്തപുരം: കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കെ.കെ ലതിക എം.എല്‍.എ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റഊഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഈ കേസ് അന്വേഷിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പെണ്‍കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വേണ്ടിയാണ് രാധാകൃഷ്ണപിള്ളയെ കോഴിക്കോട് പോസ്റ്റ് ചെയ്തത്. ഈ കേസില്‍ ഇടപെടാന്‍ രാധാകൃഷ്ണപിള്ളയ്ക്ക് യാതൊരു അധികാരവുമില്ല തികച്ചും തെറ്റായ കാര്യമാണ് അദ്ദേഹം ചെയ്തത്. ഇതിനു പിന്നില്‍ ഇന്നയാളുണ്ടെന്നൊന്നും താന്‍ പേരെടുത്ത് പറഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.

Subscribe Us:

ഈ സംഭവത്തിന് ഐസ്‌ക്രീംകേസുമായി യാതൊരു ബന്ധവുമില്ലെന്നും പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികളായിരുന്നെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. രാധാകൃഷ്ണപിള്ള കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹം സഭയെ അറിയിച്ചത്. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണ്. മുഖ്യമന്ത്രി കള്ളംപറഞ്ഞിരിക്കുകയാണ്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളാരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ പരാതി നല്‍കിയിരുന്നതായും അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഇതുവരെ മിണ്ടാതിരുന്നത് എന്താണെന്നും അന്വേഷിക്കണം.

ഈ കേസുമായി ബന്ധമുള്ള സെക്യൂരിറ്റി ജീവനക്കാരായ രാജന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കുഞ്ഞാലിക്കുട്ടി എല്ലാ മാസവും പണം നല്‍കിയിരുന്നതായി റഊഫ് വെളിപ്പെടുത്തിയിരുന്നു. ഇവര്‍ പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. ഇതില്‍ ഒരാളുടേത് അപകടമരണമാണെന്നാണ് പറഞ്ഞത്. സ്വന്തം പ്രദേശത്ത് നിന്ന് മരണപ്പെട്ടിട്ടും മൂന്ന് ദിവസം അജ്ഞാതമൃതദേഹമായി ഇവരെ ആശുപത്രിയില്‍ സൂക്ഷിക്കുകയാണുണ്ടായത്.

ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളോടൊപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അവരെ കണ്ടെത്താനോ ആ കുട്ടിയെക്കുറിച്ച് അന്വേഷിക്കാനോ ഇതുവരെ പോലീസ് ശ്രമിച്ചിട്ടില്ല. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ഈ കേസില്‍ ആരുടെയൊക്കെയോ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണത്തിലൂടെയേ സത്യങ്ങള്‍ പുറത്തുവരൂ. ഐസ്‌ക്രീംകേസ് അന്വേഷിക്കുന്ന സംഘം തന്നെ ഈ കേസും ഏറ്റെടുത്ത് അന്വേഷിക്കണം.