Categories

എം.എ ബേബി സമ്മാനിച്ച ഇടയ്ക്ക കൊട്ടി യേശുദാസിന്റെ ചോദ്യം ; ഇനിയെങ്കിലും എന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റുമോ ?

yesudasbaby

കൊല്ലം: തന്നെ ഇനിയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റുമോ എന്ന ചോദ്യവുമായി ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ യേശുദാസ്. പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ച യേശുദാസിനു കൊല്ലം പൗരാവലി നല്‍കിയ ആദരത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്.

  സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി സമ്മാനിച്ച ഇടക്ക കൊട്ടിക്കൊണ്ടായിരുന്നു യേശുദാസിന്റെ ചോദ്യം.  പതിറ്റാണ്ടുകളായി താന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്‌നമാണ് അത്. ഇനിയെങ്കിലും എന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിക്കൂടെ- യേശുദാസ് ചോദിച്ചു.

കയ്യടികളോടെയാണ് യേശുദാസിന്റെ ഈ ചോദ്യത്തെ സദസ്സ്  വരവേറ്റത്. ദൈവത്തിന് രൂപവും ഭാവവും ഇല്ലെന്നും ആ ക്ഷേത്രനടയില്‍ എത്തി ഭഗവാനെ തൊഴുകയെന്നതാണ് തന്റെ സ്വപ്‌നമെന്നും യേശുദാസ് പറയുന്നു.


പത്മവിഭൂഷണ്‍ നേടിയ യേശുദാസിനെ സ്വരലയയുടെ നേതൃത്തില്‍ കലാകേരളവും കൊല്ലം പൗരാവലിയും ആദരിച്ചു. നടി ശാരദ, വയലിനിസ്റ്റ് എല്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.

ഉര്‍വശി അവാര്‍ഡ് ജേതാവും കേരളത്തിന്റെ അമ്മ മനസ്സുമായ നടി ശാരദയ്ക്ക് സ്നേഹിതയുടെ പുരസ്‌കാരം ഗാനഗന്ധര്‍വന്‍ സമ്മാനിച്ചു. തന്നെ ധീര വനിതയാക്കിയത് മലയാള സിനിമയും മലയാളികളുമാണെന്നു ശാരദ പറഞ്ഞു.

ഫോട്ടോ കടപ്പാട്: കൈരളി

Tagged with: