Administrator
Administrator
പാവം കിവി
Administrator
Friday 11th March 2011 4:19pm

പക്ഷികളുടെ പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍ എല്ലാവരും ഉറക്കെ പറയും പറക്കാനുള്ള കഴിവെന്ന്. എന്നാല്‍ പറക്കാന്‍ കഴിയാത്ത പക്ഷിയുമുണ്ട് പക്ഷികളുടെ കൂട്ടത്തില്‍. നിങ്ങള്‍ ന്യൂസിലാന്റ് എന്നു കേട്ടിട്ടില്ലേ. ഇപ്പോള്‍ ലോകകപ്പിന്റെ സമയമായതുകൊണ്ട് കേള്‍ക്കാതിരിക്കില്ല. ന്യൂസിലാന്റ് ടീമിനെ കിവീസ് എന്ന ചിലപ്പോള്‍ പത്രങ്ങള്‍ സൂചിപ്പിക്കാറുണ്ടല്ലോ. കിവി എന്ന് പറഞ്ഞാല്‍ എന്താണെന്നറിയാമോ?

കിവി എന്നത് ഒരിനം പക്ഷിയാണ്. പക്ഷേ പറക്കാന്‍ കഴിയില്ല ഈ കുഞ്ഞുപക്ഷിക്ക്. ന്യൂസിലാന്റ് എന്ന രാജ്യത്തുമാത്രമേ ഈ പക്ഷിയുള്ളൂ. ശരീരത്തിന്റെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ മുട്ട ഇടുന്ന കൂട്ടരാണിവര്‍. നമ്മുടെ കോഴിയുടെ വലുപ്പം മാത്രമുള്ള കിവിയുടെ മുട്ടയുടെ തൂക്കം കേട്ടാല്‍ ഞെട്ടും. അരകിലോയോളം തൂക്കമുണ്ടാകും ഇതിന്റെ മുട്ടകള്‍ക്ക്. ഒന്നോ രണ്ടോ മുട്ടകളാണ് ഒരുപ്രാവശ്യം ഇടുക. പെണ്‍പക്ഷി മുട്ടയിട്ടങ്ങ് പോകും. പിന്നീടത് നോക്കേണ്ട ചുമതല ആണ്‍പക്ഷിയുടേതാണ്. ഏകദേശം എണ്‍പതു ദിവസത്തോളം ആണ്‍പക്ഷി ഈ മൂട്ടക്ക് അടയിരിക്കും.

വലിയ കൊക്കുകള്‍ കിവികളുടെ പ്രത്യേകതയാണ്. ശരീരത്തിന്റെ മൂന്നിലൊന്നു ഭാഗം വരും കൊക്കിന്. ഈ കൊക്കിന്റെ അറ്റത്താണ് മൂക്ക്. ഈ നീണ്ട കൊക്കുകള്‍കൊണ്ട് ഭക്ഷണം തിരഞ്ഞുകൊണ്ടിരിക്കും. വല്ലതും തടഞ്ഞാലുടന്‍ വായിലാക്കും. ചാരനിറം കലര്‍ന്ന തവിട്ടു നിറമാണ് കിവിക്ക്. ശരീരം മുഴുവന്‍ തൂവലുകള്‍ കൊണ്ടുമൂടിയ ഇവയുടെ തൂവല്‍ കണ്ടാല്‍ പരുക്കന്‍ രോമങ്ങളാണെന്നേ തോന്നൂ.

കിവികള്‍ മൂന്ന് വര്‍ഗക്കാരുണ്ട്. ഏപ്‌റൈറ്റിസ് സ്‌ട്രേലിസ് എന്ന സാധാരണ കിവിയാണ് അതിലൊന്നാമത്തേത്. വലിയ പുള്ളികളുള്ള കൂട്ടരാണ് രാണ്ടാമത്തെ വര്‍ഗം. ഏപ്‌റെറ്റിക്‌സ് ഹേസ്റ്റി എന്ന് അവ അറിയപ്പെടുന്നു. ഏപ്‌റ്റെറ്ക്‌സ് ഒവേനി എന്നാണ് മൂന്നാമത്തെ കൂട്ടര്‍ അറിയപ്പെടുന്നത്. ഇങ്ങനെ കിവികള്‍ മൂന്ന് തരമുണ്ടെങ്കിലും അവയുടെ സ്ഥിതി പരിതാപകരമാണ്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഇവയെ സംരക്ഷിക്കാന്‍ ന്യൂസിലാന്റ് സര്‍ക്കാര്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Advertisement