എഡിറ്റര്‍
എഡിറ്റര്‍
തണലിടങ്ങളില്‍ ഇഞ്ചിയും മഞ്ഞളും
എഡിറ്റര്‍
Wednesday 15th August 2012 2:45pm


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…
കിസാന്‍/ഡോ. സി.കെ.തങ്കമണി


ഭാഗികമായ സൂര്യപ്രകാശത്തില്‍പ്പോലും മികച്ച വിളവ് തരാന്‍ കഴിവുള്ള ഹ്രസ്വകാല വിളകളാണ്  ഇഞ്ചിയും മഞ്ഞളുമെന്ന് പല പരീക്ഷണങ്ങളും തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ആയതിനാല്‍ തെങ്ങിന്‍തോപ്പില്‍ കൃഷി ചെയ്യുവാന്‍ പറ്റിയ ആദായകരമായ ഇടവിളകളുമാണിവ.

Ads By Google

തെങ്ങ് നട്ട് ആദ്യത്തെ 8 വര്‍ഷവും അതുപോലെ 25 വര്‍ഷത്തിനുമേല്‍ പ്രായമായാല്‍, ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ ഇഞ്ചി, മഞ്ഞള്‍ പോലുള്ള വാര്‍ഷിക വിളകള്‍ ഇടവിളയായി നടാന്‍ സാധ്യതകളേറെ. ഇവ രണ്ടിനും ഏകദേശം ഒരുപോലെയുള്ള വളര്‍ച്ചാ സ്വഭാവമായതിനാല്‍ ഇവയുടെ കൃഷിരീതികളും ഒരുപോലെതന്നെ.

തെങ്ങിന്‍ തോപ്പില്‍ ഇഞ്ചി

തെങ്ങിന്‍ തോപ്പില്‍ ഇഞ്ചികൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കണം. വേനല്‍മഴ ലഭിക്കുന്നതോടെ തെങ്ങുകള്‍ക്കിടയിലുള്ള സ്ഥലം നന്നായി ഉഴുതുമറിച്ച് കളകള്‍ നീക്കിയിട്ടുവേണം കൃഷിപ്പണി ആരംഭിക്കുവാന്‍. അമ്ലത്വമുള്ള മണ്ണില്‍ കുമ്മായം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുന്നത് നല്ലതാണ്. തെങ്ങുകള്‍ക്ക് ചുറ്റും 2 മീറ്റര്‍ അകലത്തില്‍ വൃത്താകൃതിയില്‍ തടങ്ങള്‍ക്ക് സ്ഥലം വിട്ടതിനുശേഷം ബാക്കി സ്ഥലം 3 മീറ്റര്‍ നീളം, 1 മീറ്റര്‍ വീതി, 15 സെ.മി ഉയരമുള്ള തടങ്ങളായി തിരിയ്ക്കണം. ഇവയില്‍ 25 സെ.മി അകലത്തില്‍ ചെറിയ കുഴികള്‍ എടുത്ത്  ഉണങ്ങിയ ചാണകപ്പൊടി സെന്റിന് 120 കി.ഗ്രാം നിരക്കില്‍ അടിവളമായി നല്‍കണം. സെന്റിന് 8 കിലോഗ്രാം  വേപ്പിന്‍പിണ്ണാക്ക് അടിവളമായി ചേര്‍ത്താല്‍ ചുവടു ചീയല്‍ രോഗവും നിമാവിരശല്യവും കുറയ്ക്കാം.

ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലും കാലവര്‍ഷത്തിനുമുന്‍പ് മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഏപ്രില്‍ അവസാനത്തോടെ ഇഞ്ചി നടുന്നതാണ് നല്ലത്. ജൂണില്‍ മഴ ലഭിക്കുമ്പോഴേയ്ക്കും വിത്ത് മുളച്ച് നല്ല കായിക വളര്‍ച്ചയിലെത്താന്‍ ഇത് സഹായിക്കും. വേനല്‍മഴ കാര്യമായി ലഭിക്കാത്തിടങ്ങളില്‍ മെയ് മാസമാണ് ഇഞ്ചി നടാന്‍ നന്ന്. മഴയില്ലെങ്കില്‍ ഇഞ്ചി നട്ടതിനുശേഷം ആവശ്യത്തിന് നനയ്ക്കണം.

നടാന്‍ മികച്ചയിനങ്ങള്‍

ഇഞ്ചി നടുന്നതിന് പ്രകന്ദങ്ങളാണ് (ഇഞ്ചിക്കിഴങ്ങ്) ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ മുകുളങ്ങളും ഉണ്ടാകണം. കൃഷിസ്ഥലം, കൃഷിരീതി എന്നിവ അനുസരിച്ച് വിത്തിന്റെ അളവില്‍ വ്യത്യാസം വരാം. കേരളത്തില്‍ ഒരു സെന്റിന് 6-7.5 കിലോ വരെ ഇഞ്ചി വിത്ത് വേണം. കുഴികളില്‍ ചാണകപ്പൊടിയും ശുപാര്‍ശചെയ്ത ഫോസ്ഫറസ,് പൊട്ടാഷ് എന്നിവ പകുതി വീതവും കലര്‍ത്തി മുകുളങ്ങള്‍ മുകളില്‍ വരുംവിധം തിരശ്ചീനമായി ഇഞ്ചിവിത്തുകള്‍ നടണം. ഇഞ്ചി ഇനങ്ങളായ നെടുമങ്ങാട്, ഹിമാചല്‍, മാരന്‍, കുറുപ്പംപടി, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പുറത്തിറക്കിയ വരദ, മഹിമ, രജത എന്നിവയും തെങ്ങിന്‍ തോട്ടങ്ങള്‍ക്ക് അനുയോജ്യമായ ഇനങ്ങളാണ്.

പുതയിടല്‍

ഇഞ്ചിക്കൃഷിയില്‍ ഒഴിവാക്കാനാകാത്ത ഒരു പരിചരണമാണ് പുതയിടല്‍. ഇത് മണ്ണൊലിപ്പ് കുറയ്ക്കും. മഴത്തുള്ളി ശക്തിയായി മണ്ണില്‍ പതിയ്ക്കാതിരിക്കാന്‍ സഹായിക്കും.  പുറമെ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനും കളകളെ നിയന്ത്രിക്കാനും ജൈവാംശത്തിന്റെ അളവ് കൂട്ടാനും പുതയിടുന്നത് സഹായകമാണ്. ഇഞ്ചി നട്ടയുടന്‍ സെന്റിന് 40 കി.ഗ്രാം എന്ന തോതില്‍ പച്ചില ഉപയോഗിച്ച് വാരങ്ങളില്‍ പുതയിടണം പിന്നീട് 40,90 ദിവസം കഴിഞ്ഞ് 30 കി.ഗ്രാം എന്ന തോതില്‍ പുതയിടല്‍ ആവര്‍ത്തിക്കാം.

വളം വെവ്വേറെ

ഇടവിളയെങ്കിലും തെങ്ങിനും ഇഞ്ചിക്കും വെവ്വേറെ വളം വേണം. അല്ലെങ്കില്‍ പോഷക മൂലകങ്ങള്‍ക്കുള്ള മത്സരത്തിനിടയില്‍ രണ്ടിന്റെയും വിളവ് കുറയും. വളം ഇടുമ്പോള്‍ കളകള്‍ നീക്കണം. ഒരു സെന്റിന് 700 ഗ്രാം യൂറിയ, 1 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 400 ഗ്രാം പൊട്ടാഷ് എന്നിവ വേണം. ഇവയില്‍ സൂപ്പര്‍ ഫോസ്‌ഫേറ്റും പകുതി പൊട്ടാഷും അടിവളമായും പകുതി യൂറിയ 40 ദിവസം കഴിഞ്ഞും നല്‍കണം. പകുതി പൊട്ടാഷും അവശേഷിക്കുന്ന യൂറിയയും കൂടി നട്ട് 90 ദിവസം കഴിഞ്ഞ് നല്‍കണം. വളം ചേര്‍ത്ത് പുതയിട്ടതിനുശേഷം വാരങ്ങള്‍ മണ്ണിട്ടു മൂടുക. സിങ്കിന്റെ അഭാവമുള്ള പ്രദേശങ്ങളില്‍ സിങ്ക് സള്‍ഫേറ്റ് 20 ഗ്രാം ഒരു സെന്റിന് എന്ന തോതില്‍ നല്‍കണം.

ഇഞ്ചി മിശ്രവിളയായും

ഇഞ്ചി നട്ട വാരങ്ങളില്‍ മിശ്രവിളയായ തക്കാളി, മുളക്, വെണ്ട തുവര, ഉഴുന്ന്, മുതിര, ചോളം, രാഗി തുടങ്ങിയവയും കൃഷി ചെയ്യാം. കൂടുതല്‍ പോഷക മൂലകങ്ങള്‍ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി. ഇഞ്ചിയുടെ വിളവെടുപ്പിനുശേഷം പച്ചില വളച്ചെടികളോ പയറുവര്‍ഗങ്ങളോ വളര്‍ത്തി മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിക്കാം ഒരിക്കല്‍ കൃഷി ചെയ്ത വാരങ്ങളില്‍ രോഗം വരാന്‍ സാധ്യത കൂടുതലായതിനാല്‍ അവിടെ വീണ്ടും കൃഷിയിറക്കരുത്. തെങ്ങിന്‍തോട്ടത്തില്‍ കൃഷി ചെയ്യുന്നതുപോലെ കവുങ്ങ്, റബ്ബര്‍, മാവ്, ഓറഞ്ച്, കുരുമുളക് തോട്ടങ്ങളിലും ഇഞ്ചി വളര്‍ത്താം.

രോഗകീടങ്ങളെ ശ്രദ്ധിക്കുക

മറ്റു വിളകള്‍ പോലെ ഇഞ്ചിയും രോഗകീടങ്ങളില്‍ നിന്ന് വിമുക്തമല്ല. മൃദുചീയലാണ് ഇഞ്ചിയുടെ ഏറ്റവും മാരകരോഗം. ഇലകള്‍ മഞ്ഞളിക്കുക, ഇലകളും തണ്ടും ഉണങ്ങുക, ചെടികള്‍ മറിഞ്ഞുവീഴുക, ഭൂകാണ്ഡം ചീയുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. വിത്തിഞ്ചി മാങ്കോസെബ് 3 മില്ലിഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 30 മിനിട്ട് മുക്കി തണലിലിട്ട് വെള്ളം വാര്‍ന്നശേഷം നട്ടാല്‍ രോഗം നിയന്ത്രിക്കാം. ട്രൈക്കോഡെര്‍മ എന്ന ജൈവകുമിള്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കില്‍ കലര്‍ത്തി വാരങ്ങളില്‍ ഇടുന്നത് രോഗനിയന്ത്രണത്തിന് നന്ന്. രോഗബാധിതമായ ചെടികള്‍ യഥാസമയം നീക്കി മാങ്കോസെബ് (3 മില്ലിഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) ലായനിയൊഴിച്ച് വാരങ്ങള്‍ കുതിര്‍ക്കണം.

ഇഞ്ചിയുടെ ഏറ്റവും വിനാശകാരിയായ കീടമാണ് തണ്ടുതുരപ്പന്‍ പുഴു. തണ്ടില്‍ തുരന്നുകയറി കോശങ്ങള്‍ തിന്നുതീര്‍ക്കുന്നതിനാല്‍ ഇലകള്‍ മഞ്ഞളിച്ച് തണ്ട് ഉണങ്ങും. പുഴു തുരക്കുന്ന ദ്വാരങ്ങളില്‍ക്കൂടി വിസര്‍ജ്യവസ്തുക്കള്‍ പുറത്തുവരും. ചിനപ്പിന്റെ മധ്യഭാഗത്തുള്ള തണ്ടുകള്‍ ഉണങ്ങും. നിയന്ത്രണത്തിന് 0.1% വീര്യമുള്ള (2 മില്ലി/1 ലിറ്റര്‍) മാലത്തയോണ്‍ 21 ദിവസത്തിലൊരിക്കല്‍ ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളില്‍ തളിക്കണം. തണ്ടിന്റെ അഗ്രഭാഗത്തെ ഇലകള്‍ മഞ്ഞളിച്ചു കണ്ടാല്‍ ഉടന്‍ മരുന്ന് തളി ആരംഭിക്കണം. കീടം ബാധിച്ച തണ്ടുകള്‍ ജൂലായ് മുതല്‍ ആഗസ്ത് വരെയുള്ള സമയത്ത് രണ്ടാഴ്ച ഇടവിട്ട് മുറിച്ചുകളയുന്നത് ഈ കീടത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കും. പച്ച ഇഞ്ചിയായി ഉപയോഗിക്കാന്‍ നട്ട് ആറ് മാസം കഴിഞ്ഞും ചുക്കാക്കുന്നതിന് 8 മാസം കഴിഞ്ഞും വിളവെടുക്കാം.

ഇഞ്ചി പോലെ മഞ്ഞളും

തെങ്ങിന്‍തോപ്പിനു പുറമെ കവുങ്ങിന്‍ തോപ്പിലും കുരുമുളക് തോട്ടങ്ങളിലും ഇടവിളയായി മഞ്ഞള്‍ കൃഷിയിറക്കാം. മുളക്, ചേന, ചേമ്പ്, വഴുതിന, ചോളം തുടങ്ങിയ വിളകള്‍ക്കൊപ്പം മിശ്രവിളയായും വളര്‍ത്താം. അത്യുത്പാദനശേഷിയുള്ള സുഗുണ, സുവര്‍ണ്ണ, സുദര്‍ശന, പ്രതിഭ, പ്രഭ, ആലപ്പി സുപ്രീം, കാന്തി, ശോഭ, സോന, വര്‍ണ്ണ എന്നീ ഇനങ്ങള്‍ ഇടവിള കൃഷിയ്ക്ക് അനുയോജ്യമാണ്. ഒരു സെന്റിന് ആവശ്യമായ വിത്ത് 10 കി.ഗ്രാം. ചാണകപ്പൊടി 160 കി.ഗ്രാം, 120 കി.ഗ്രാം പച്ചില ഒരു സെന്റിന് എന്ന തോതില്‍ ചേര്‍ക്കണം. ഒരു സെന്റിന് 500 ഗ്രാം യൂറിയ, 1 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 1 കി.ഗ്രാം പൊട്ടാഷ് എന്നിവ വേണം. വളം ചെയ്യേണ്ട സമയവും രീതിയും ഇഞ്ചിയുടേതുപോലെ തന്നെ. മഞ്ഞളില്‍ താരതമ്യേന കീടരോഗബാധ വളരെ കുറവാണ്.

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞയാണ് ലേഖിക

കടപ്പാട്: കേരള കര്‍ഷകന്‍, 2011 ജൂണ്‍ ലക്കം

കിസാനിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കൂ..

Advertisement