എഡിറ്റര്‍
എഡിറ്റര്‍
പച്ചപ്പുല്ല് ഏഴാം പക്കം റെഡി
എഡിറ്റര്‍
Wednesday 19th September 2012 12:40pm


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


ഇനി തീറ്റപ്പുല്‍കൃഷിക്ക് മണ്ണ് വേണ്ടേ വേണ്ട. വളരാന്‍ വെള്ളം മാത്രം മതി. വിത്തിട്ട് ഏഴാം ദിവസം പച്ചപ്പുല്‍ തയ്യാര്‍. ലഭിക്കുന്നതോ മികച്ച ഗുണനിലവാരവും രാസവള കീടനാശിനി പ്രയോഗമൊന്നുമില്ലാത്തതും തികച്ചും ജൈവരീതിയില്‍ വളര്‍ത്തുന്നതുമായ ഒന്നാംതരം പച്ചപ്പുല്ല്.


കിസാന്‍/ഡോ. എം.ജി. വിജയകുമാര്‍


കുറഞ്ഞചെലവില്‍ വര്‍ഷം മുഴുവന്‍ സുലഭമായി ലഭ്യമാക്കാനും സാധിക്കും. വിവിധ വിളകളുടെ ഉയര്‍ന്ന ഉത്പാദനം ലക്ഷ്യമാക്കി ലോകത്ത് പരക്കെ അവലംബിച്ച് വരുന്ന ഹൈഡ്രോപോണിക്‌സ് എന്ന ശാസ്ത്രസാങ്കേതികവിദ്യയാണ് ഇപ്പോള്‍ ഇദംപ്രഥമമായി കേരളത്തിലും തീറ്റപ്പുല്‍ കൃഷിക്ക് സജ്ജമായിരിക്കുന്നത്. ക്ഷീരകര്‍ഷകര്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഈ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത് കോട്ടയം ജില്ലയില്‍ ഭരണങ്ങാനത്തെ സമഗ്ര ഡയറി ഫാം ഉടമയും ക്ഷീരവികസന വകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ ടോണി മൈക്കിളാണ്.

Ads By Google

സാധാരണ കൃഷിയില്‍ 30 മുതല്‍ 45 വരെയുള്ള വളര്‍ച്ചയുടെ ഇടവേളകള്‍ക്ക് ശേഷം മാത്രം വിളവെടുക്കാന്‍ കഴിയൂ.  ഈ ആധുനിക ഇലക്‌ട്രോണിക് സ്വയം നിയന്ത്രിത സംവിധാനത്തിന്റെ സഹായത്താല്‍ വളരെ ചുരുങ്ങിയ ദിവസംകൊണ്ട് തീറ്റപ്പുല്‍ കിട്ടും. 70 ചതുരശ്ര അടി മാത്രം സ്ഥലം ആവശ്യമുള്ളതും തുറസ്സായ സ്ഥലത്ത് സ്ഥാപിക്കാവുന്നതുമായ 9x5x10 അടി വലിപ്പമുള്ള ഒരു അത്ഭുതപ്പെട്ടിയില്‍ നിന്നാണ് മക്കച്ചോള വിത്ത് ഏഴു ദിവസം കൊണ്ട് കാലികള്‍ക്ക് ഇഷ്ടഭോജ്യമായ പച്ചപ്പുല്ലായി പരിണമിക്കുന്നത്.

പ്രതിദിനം 120 കിലോ വരെ ഉത്പാദനശേഷിയുള്ള ഈ പുല്‍വളര്‍ത്തല്‍ സംവിധാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ വളര്‍ത്തുന്നതിനുള്ള തട്ടുകളോടുകൂടിയ ട്രേകള്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടി, ഹ്യുമിഡിഫയര്‍, കണ്‍ട്രോള്‍ പാനല്‍ എന്നിവയാണ്. ഫൈബറും ലോഹവും ചേര്‍ത്ത് നിര്‍മ്മിതമായിരിക്കുന്നതും ഇരട്ടഭിത്തിയോട് കൂടിയതുമാണ് ഈ തീറ്റപ്പുല്‍ യന്ത്രം അഥവാ ഫോഡര്‍ മെഷീന്‍. ഇതിനുള്ളില്‍ വിത്തിടാന്‍ 84 ട്രേകളുണ്ട്. പെട്ടിയ്ക്കുള്ളില്‍ ജലസേചനം (മിസ്റ്റ് സംവിധാനം), പ്രകാശം, ഊഷ്മാവ്, വായു, ആര്‍ദ്രത എന്നിവ ക്രമീകരിച്ചാണ് പുല്ല് വളര്‍ത്തല്‍.

ചോളവിത്ത് ഏതാനും മണിക്കൂര്‍ കുതിര്‍ത്തതിന് ശേഷം ദിവസേന 12 ട്രേകളില്‍ ഓരോ ട്രേയിലും ഒന്നര കിലോ വീതം വിത്തിടുന്നു. ഏഴാം ദിവസം ഓരോ ട്രേയില്‍ നിന്നും 8-10 കിലോഗ്രാമായി മാറിയ തിങ്ങിനിറഞ്ഞ പച്ചപ്പുല്ല് തയ്യാറാകുന്നു. ചെടിക്ക് ശരാശരി 20 സെ.മീറ്റര്‍ വരെ ഉയരമുണ്ടാകും. തയ്യാറായ ചെടി ട്രേകളില്‍നിന്ന് പുറത്തെടുത്ത് നേരേ പശുക്കള്‍ക്ക് നല്‍കും. ഓരോ ട്രേയില്‍നിന്ന് ലഭിക്കുന്ന മൊത്തം പുല്ലും വേരടക്കം പശുവിന് സ്വന്തം. സമഗ്രഫാമില്‍ 10 പശുക്കള്‍ക്ക് ഈ രീതിയില്‍ തീറ്റ നല്‍കി വരുന്നു. കൂടാതെ പുല്‍ക്കൃഷിത്തോട്ടത്തില്‍നിന്നും സങ്കരനേപ്പിയര്‍ പുല്ലും നല്‍കുന്നുണ്ട്. ഈ പശുക്കള്‍ക്ക് സാന്ദ്രീകൃത കാലിത്തീറ്റ നല്‍കുന്നുമില്ല.

ഹൈഡ്രോപോണിക്‌സ് കൃഷി- സവിശേഷതകള്‍

>> സാധാരണ കൃഷി രീതികളില്‍ ഒരു കിലോ തീറ്റപ്പുല്‍ ഉത്പാദിപ്പിക്കാന്‍ 80 ലിറ്റര്‍ ജലം വരെ ഉപയോഗപ്പെടുത്തുമ്പോള്‍ ഇവിടെ 2-3 ലിറ്റര്‍ വെള്ളം മതി.
>> ലഭിക്കുന്ന പച്ചപ്പുല്ല് മൃദുവും പോഷകസമ്പുഷ്ടവും ആരോഗ്യദായകവും കാലികള്‍ വളരെ ഇഷ്ടപ്പെടുന്നതും.
>> പുല്ലിലെ മാംസ്യം 14 ശതമാനം ആണ്. പതിവ് സാന്ദ്രീകൃത കാലിത്തീറ്റയുടെ അളവ് കാര്യമായി കുറയ്ക്കാനാകും.
>> ഈ കൃഷിരീതിയില്‍ കീടരോഗബാധകളൊന്നും ഉണ്ടാകുന്നില്ല.
 >> ഉണ്ടാകുന്ന പുല്ല് അല്പംപോലും നഷ്ടപ്പെടുത്താതെ പൂര്‍ണ്ണമായും പശുക്കള്‍ ഇഷ്ടഭക്ഷണമെന്ന രീതിയില്‍ ഭക്ഷിക്കുകയും ചെയ്യും.

കാലികളുടെ ആരോഗ്യത്തിനും പാലുത്പാദനത്തിനും പച്ചപ്പുല്ലിന്റെ പ്രാധാന്യം വളരെയേറെയാണ്. കാലിവളര്‍ത്തലില്‍ ഇന്ന് ക്ഷീരകര്‍ഷകരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ് സാന്ദ്രീകൃത കാലിത്തീറ്റയുടെ വിലവര്‍ദ്ധനവും തീറ്റപ്പുല്‍ കൃഷിക്കുള്ള സ്ഥലപരിമിതിയും. ജലദൗര്‍ലഭ്യം, കൂലിച്ചെലവ്, പുല്‍വളര്‍ത്തലിനുള്ള മറ്റ് ചെലവുകള്‍ എന്നിവ വേറെയും. ഇവയ്‌ക്കെല്ലാം പരിഹാരമാവുകയാണ് പുതിയ കൃഷിരീതി. തീറ്റച്ചോളം, ബാര്‍ലി, ഗോതമ്പ്, ഓട്‌സ് തുടങ്ങി പല പുല്ലിനങ്ങളും ഹൈഡ്രോപോണിക്‌സ് രീതിയില്‍ കൃഷി ചെയ്യാം.

ചോളവിത്ത് ഏതാനും മണിക്കൂര്‍ കുതിര്‍ത്തതിന് ശേഷം ദിവസേന 12 ട്രേകളില്‍ ഓരോ ട്രേയിലും ഒന്നര കിലോ വീതം വിത്തിടുന്നു. ഏഴാം ദിവസം ഓരോ ട്രേയില്‍ നിന്നും 8-10 കിലോഗ്രാമായി മാറിയ തിങ്ങിനിറഞ്ഞ പച്ചപ്പുല്ല് തയ്യാറാകുന്നു. ചെടിക്ക് ശരാശരി 20 സെ.മീറ്റര്‍ വരെ ഉയരമുണ്ടാകും. തയ്യാറായ ചെടി ട്രേകളില്‍നിന്ന് പുറത്തെടുത്ത് നേരേ പശുക്കള്‍ക്ക് നല്‍കും.

സമഗ്ര ഫാമിലെ ഫോഡര്‍ മെഷീന്‍ 4.5 ലക്ഷം രൂപ ചെലവില്‍ ഗുജറാത്തിലെ ഒരു കമ്പനിയുടെ സാങ്കേതിക സഹായത്തോടെ രൂപകല്പന ചെയ്ത് സ്ഥാപിച്ചതാണ്. വിത്തിന്റെ വില, വിദ്യുച്ഛക്തി, ജോലിക്കൂലി എന്നിവ കണക്കാക്കിയാല്‍ ഒരു കിലോ പുല്ല് ഉത്പാദനത്തിന് ഇപ്പോള്‍ 3.20 രൂപ ചെലവ് വരുന്നുണ്ട്. ഒരു ദിവസത്തേക്കുള്ള വൈദ്യുതി ചെലവ് 3 രൂപയോളവും. വാര്‍ഷിക ഉത്പാദനം കണക്കാക്കുമ്പോള്‍ ഒരേക്കറില്‍ വളര്‍ത്തുന്നതിന്റെ തത്തുല്യ അളവില്‍ പുല്ല് ഈ യന്ത്രത്തിന് നല്‍കാന്‍ കഴിയും.

മണ്ണില്ലാ പുല്‍കൃഷി കാണാന്‍ താത്പര്യപൂര്‍വ്വം നാടിന്റെ നാനാഭാഗത്തുനിന്ന് നൂറുകണക്കിന് കര്‍ഷകരും ക്ഷീര-കാര്‍ഷിക മേഖലകളിലെ വിദഗ്ദ്ധരും മറ്റുള്ളവരും ദിനംപ്രതി എത്തുന്നുണ്ടിവിടെ.

പുതുമയിലും സമഗ്ര

നാല് വര്‍ഷം മുന്‍പ് ക്ഷീരവികസന വകുപ്പില്‍നിന്ന് വിരമിച്ചപ്പോള്‍ അഭ്യുദയകാംക്ഷികള്‍ തന്നെയാണ് ഈ രംഗത്ത് തുടരാനും പ്രവര്‍ത്തിക്കാനും ടോണി മൈക്കിളിനെ പ്രേരിപ്പിച്ചത്. അങ്ങനെ സ്വന്തമായി ഡയറിഫാം ആരംഭിച്ചു. പുതിയ കണ്ടെത്തലുകളും ചുവടുവയ്പുകളും നടപ്പാക്കാനും പ്രാവര്‍ത്തികമാക്കാനും തെല്ലും ബുദ്ധിമുട്ടുണ്ടായില്ല. ഇപ്പോള്‍ 100 ലിറ്ററില്‍പ്പരം പ്രതിദിന പാലുത്പാദനമുള്ള ഈ ഫാമില്‍ പാല്‍, തൈര്, മോര്, ഫ്‌ളേവേര്‍ഡ് മില്‍ക്ക് എന്നിങ്ങനെ വിവിധയുത്പന്നങ്ങള്‍ തയ്യാറാകുന്നു. ഇവയ്ക്ക് ആവശ്യക്കാരും ധാരാളം.

നിലവില്‍ 19 പശുക്കള്‍ ഇവിടെയുണ്ട്. തനത് പശുവായ വെച്ചൂര്‍ പശുവും. കിടാരികളുടെ ഒരു മാതൃകാ യൂണിറ്റ്, ആധുനിക സൗകര്യങ്ങളുള്ള കാലിത്തൊഴുത്ത്, പാല്‍ സംഭരണത്തിന് 300 ലിറ്റര്‍ ശേഷിയുള്ള മില്‍ക്ക് കൂളര്‍, പാക്കിംഗ് മെഷീന്‍, ചാഫ്കട്ടര്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം ഈ ഫാമിന്റെ സവിശേഷതകളാണ്.
ടോണി മൈക്കിള്‍

കോട്ടയം ജില്ലയിലെ ഡയറി ഫാം ഇന്‍സ്ട്രക്ടറാണ് ലേഖകന്‍

കടപ്പാട്: കേരള കര്‍ഷകന്‍, 2011 ജൂണ്‍ ലക്കം

മണ്ണില്ലാ കൃഷിയായ ഹൈഡ്രോപോണിക്‌സ് രീതിയെ പറ്റി വായിക്കൂ..
കിസാനിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കൂ..

Advertisement