എഡിറ്റര്‍
എഡിറ്റര്‍
‘നേരി’യിലെ നേര്‍ക്കാഴ്ചകള്‍
എഡിറ്റര്‍
Thursday 30th August 2012 2:21pm


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


കിസാന്‍:  ഡോ. സുജ എ.ബി.

‘നേരി’ എന്നാല്‍ ദൈവത്തിന്റെ പ്രകാശം എന്നാണര്‍ത്ഥം. അര്‍പ്പണബോധമുണ്ടെങ്കില്‍ ഏത് സംരംഭവും വിജയിക്കുമെന്നതിന്റെ തെളിവാണ് തിരുവനന്തപുരത്ത് ആര്യനാടുള്ള നേരി മുയല്‍ ഫാമിന്റെ വിജയകഥ.


ഇത് ഞങ്ങളുടെ റെജിചേട്ടന്‍. ഞങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്നയാള്‍. റെജിച്ചേട്ടന് ഞങ്ങളോടുള്ള സ്‌നേഹത്തിനു ചേട്ടന്റെ പ്രായത്തോളം തന്നെ പഴക്കമുണ്ട്. നാലു വയസ്സുള്ളപ്പോഴാണ് ചേട്ടന് അഞ്ചാം പനി പിടിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞു. രോഗം ഭേദമായെങ്കിലും വല്ലാത്ത ക്ഷീണം. കണ്ണ് തുറക്കാനോ ആഹാരം കഴിക്കാനോ പോലും കഴിയുന്നില്ല. എല്ലാവരും ഇതു കണ്ട് പരിഭ്രാന്തരായി.

Ads By Google

ഒരു ദിവസം ചേട്ടന്റെ അരികിലിരുന്ന് പപ്പ നഴ്‌സറി പാഠപുസ്തകത്തിലെ മൃഗങ്ങളുടെ പേരുകള്‍ ഓരോന്നായി ഉച്ചത്തില്‍ വായിച്ചുകൊടുത്തു. മുയല്‍ എന്നു കേട്ടയുടന്‍ ചേട്ടന്‍ കണ്ണു തുറന്നു. കൗതുകത്തോടെ ചുറ്റും നോക്കി. മുയലിനെ കാണാത്തതിനാല്‍ നിരാശനായി വീണ്ടും കണ്ണുകളടച്ചു. അന്ന് വൈകുന്നേരം മകനുവേണ്ടി ഒരു ജോടി മുയല്‍ കുഞ്ഞുങ്ങളേയും കൊണ്ടാണ് പപ്പ വീട്ടിലെത്തിയത്.  പപ്പ മെല്ലെ റെജിയുടെ കൈകള്‍ മുയലിന്റെ പുറത്ത് വച്ചു തലോടി. മുയലിനെ കിട്ടിയ സന്തോഷത്തില്‍ ആ നാലു വയസ്സുകാരന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നു. അന്നു തുടങ്ങിയ സൗഹൃദമാണ് മുയലുകളും ചേട്ടനും തമ്മില്‍. അത് ഇന്നും ഇടമുറിയാതെ തുടരുന്നു.

 

വിവിധയിനം മുയലുകള്‍


ബ്രൗണ്‍ ഗ്രേ ഡക്ട്‌


ഫാണ്‍ ഫ്‌ളെമിഷ് ജയന്റ്‌


ന്യൂസിലാന്റ് ബ്ലാക്ക്‌

ചേട്ടന്‍ മാത്രമല്ല ദീപചേച്ചിയും കുഞ്ഞുവാവയുമൊക്കെ ഞങ്ങളെ ഒത്തിരി സ്‌നേഹിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പഞ്ചായത്തില്‍ നേരി ഫാമിലാണ് ഞങ്ങളുടെ പാര്‍പ്പിടം. നേരി എന്നാല്‍ ദൈവത്തിന്റെ പ്രകാശം എന്നര്‍ത്ഥം. ഞങ്ങളെ വളര്‍ത്തുന്നതുകൊണ്ട് ചേട്ടനും കുടുംബത്തിനും സാമ്പത്തികനേട്ടമേയുള്ളൂ. അതുകൊണ്ടുതന്നെ ബിരുദധാരികളെങ്കിലും അവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലൊന്നും അശേഷം താത്പര്യമില്ല. താമസസ്ഥലത്തെ ശുചിത്വമാണ് ഇവിടുത്തെ ഏറ്റവും വലിയ അനുഗ്രഹം.

മൂന്നടി നീളം ഒന്നര അടി വീതി ഒന്നേകാല്‍ അടി ഉയരത്തില്‍ ഓലമേഞ്ഞ കൂടുകളിലാണ് ഞങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. മൂത്രം കെട്ടിക്കിടന്ന് ഞങ്ങള്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാന്‍ ഷെഡിന്റെ തറ മണ്ണുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

എന്നും രാവിലെ 6 മണിക്കുതന്നെ ഞങ്ങളുടെ കൂടുകള്‍ വൃത്തിയാക്കും. 7 മണിക്ക് തിരിത്തീറ്റ തരും. തീറ്റ തരാനും കണക്കുണ്ട്. രാവിലെയും വൈകിട്ടും 75 ഗ്രാം വീതം. രാവിലെ പച്ചപ്പുല്ലിനേക്കാള്‍ തീറ്റയാണ് നല്ലതെന്ന് ചേട്ടന്‍ പറയാറുണ്ട്. പഴയ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് വളരെ ചെലവു കുറഞ്ഞ രീതിയിലാണ് എല്ലാ കൂട്ടിലും ശുദ്ധജലം ലഭ്യമാക്കിയിട്ടുള്ളത്.

ഉച്ചയ്ക്ക് 12 മണിക്ക് അര കിലോ പച്ചപ്പുല്ല് അതും ഒരു ദിവസം മുന്‍പു മാത്രം എടുത്തു വച്ചത്. ചിലപ്പോള്‍ കപ്പയില, ഒന്നു വെയിലത്തിട്ട് വാട്ടിയിട്ടു തരും. കഴുകിവൃത്തിയാക്കിയ ക്യാബേജ് ഇലയും തരാറുണ്ട്. ഞങ്ങളില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് 200-250 ഗ്രാം തീറ്റ തരും. അതും മുയല്‍ തീറ്റ മാത്രം. മാസത്തില്‍ 5 ദിവസം ധാതുലവണ മിശ്രിതം വേറെയും. 3 മാസം പ്രായമാകുമ്പോള്‍ 21.5 കിലോ ശരീരഭാരം വേണമെന്നാണ് റെജിച്ചേട്ടന്റെ പക്ഷം. ഇതിന് വളരെ ശ്രദ്ധയോടുള്ള പരിചരണമാണ് തരുന്നത്.

മൂന്നടി നീളം ഒന്നര അടി വീതി ഒന്നേകാല്‍ അടി ഉയരത്തില്‍ ഓലമേഞ്ഞ കൂടുകളിലാണ് ഞങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. മൂത്രം കെട്ടിക്കിടന്ന് ഞങ്ങള്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാന്‍ ഷെഡിന്റെ തറ മണ്ണുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

മാസത്തില്‍ 15 ദിവസം വീട്ടിലുണ്ടാക്കുന്ന ശുദ്ധമായ തീറ്റ ഞങ്ങള്‍ക്ക് കിട്ടും. കടലപ്പിണ്ണാക്ക്, അരിത്തവിട്, ഗോതമ്പ്, ഉപ്പില്ലാത്ത ഉണക്കമീന്‍, ധാതുലവണ മിശ്രിതം, കറിയുപ്പ്, ഉണക്കമരച്ചീനി ഇവയെല്ലാം ചേര്‍ത്ത സ്വാദിഷ്ഠമായ മുയല്‍ തീറ്റ; റെജിച്ചേട്ടന്‍ തന്നെ വീട്ടിലുണ്ടാക്കിയത്.

വിവിധയിനം മുയലുകള്‍


ന്യൂസ്‌ലാന്റ് വൈറ്റ്


പെയില്‍ഗ്രേ ഡക്ട്‌


സാന്റി ഫ്‌ളെമിഷ് ജയന്റ്‌

ഇറച്ചിയാക്കി മാറ്റാനും വേഗം പെറ്റുപെരുകാനുമുള്ള ഞങ്ങളുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്തുംവിധമാണ് റെജിച്ചേട്ടന്‍ മുയല്‍ വളര്‍ത്തലില്‍ തന്റേതായ ശൈലിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ഫ്‌ളെമിഷ് ജയന്റ് ഇനങ്ങളുടെ ഫാണ്‍, സാന്റി, ലൈറ്റ് ബ്ലൂ, സ്റ്റീല്‍ ഗ്രേ, വൈറ്റ് എന്നീ നിറങ്ങളും, ഡച്ച് ഇനങ്ങളുടെ ബ്ലാക്ക്, സ്റ്റീല്‍ഗ്രേ, ബ്രൗണ്‍, പെയില്‍ഗ്രേ, എല്ലോ, ബ്രൗണ്‍ ഗ്രേ എന്നീ നിറങ്ങളും ന്യൂസിലന്റ് വൈറ്റ്, ന്യൂസിലാന്റ് ബ്ലാക്ക്, സോവിയറ്റ് ചിഞ്ചില, സില്‍വര്‍ ഫോക്‌സ് എന്നീ ഇനങ്ങളും ഞങ്ങളുടെ കുടുംബത്തിലുണ്ട്. ഫാം കാണാനെത്തുന്നവര്‍ക്കെല്ലാം നിറവൈവിധ്യമുള്ള ഞങ്ങളെ ഒന്നിച്ചു കാണുക ഹരമാണ്.

പ്രജനനമാണല്ലോ മുയല്‍ വളര്‍ത്തലിലെ വിജയത്തിനാധാരം. പ്രജനനയൂണിറ്റില്‍ കുഞ്ഞുങ്ങളെ നല്‍കുമ്പോള്‍ 10 പെണ്ണിന് 4 ആണും ഇറച്ചിയ്ക്കാണെങ്കില്‍ 10 പെണ്ണിന് 2 ആണും എന്ന നിരക്കിലാണ്  ഉപയോഗിക്കുക. 5-6 മാസമാകുമ്പോഴാണ് ഞങ്ങളുടെ ആദ്യ ഇണചേര്‍ക്കല്‍. ഈ പ്രായത്തില്‍ 3.5-4 കിലോ ശരീരഭാരമുണ്ടാകണം. ആണ്‍ മുയലിന്റെ കൂട്ടില്‍ മദിയുള്ള പെണ്‍മുയലിനെ ഇടും.

ചൂട് ഞങ്ങളുടെ പ്രത്യുത്പാദനശേഷിയ്ക്ക് വിഘാതമാണ്. അതിനാല്‍ ചൂട് കുറഞ്ഞ, രാവിലെയോ വൈകുന്നേരമോ മാത്രമേ ഇണചേരാന്‍ അനുവദിക്കാറുള്ളൂ. ഞങ്ങളില്‍ പെണ്‍മുയലുകള്‍ക്ക് കൃത്യമായ മദിചക്രം പതിവില്ല. എങ്കിലും മദി ലക്ഷണങ്ങള്‍ കാട്ടുന്നവയെ ഒറ്റനോട്ടത്തില്‍ത്തന്നെ ചേട്ടന് തിരിച്ചറിയാം. അന്തര്‍പ്രജനനം ഒഴിവാക്കാന്‍ ആണുമായി ബന്ധമില്ലാത്ത പെണ്‍മുയലിനെ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

Advertisement