ബിഷ്‌കെക്: മധ്യ ഏഷ്യന്‍ രാജ്യമായ കിര്‍ഗിസ്ഥാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിരുദ്ധ കലാപം ചോരക്കളമാക്കിയ കിര്‍ഗിസ്ഥാനില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു 16 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍, സ്വതന്ത്രര്‍ എന്നിവരാണ് മത്സരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അല്‍മാസ്‌ബെക് ആദാംബയേവ്, അറ്റാ ജര്‍ട് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ കംഷിബേക് തഷിയേവ് എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ആദാംബയേവ് സെപ്റ്റംബറിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. കിര്‍ഗിസ്ഥാന്‍കാരുടെ പ്രിയങ്കരനായ നേതാവാണ് അല്‍മാസ് ബെക്. 50 ശതമാനം വോട്ട് നേടിയാല്‍ മാത്രമാണ് ഭൂരിപക്ഷം ലഭിക്കുക. ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ട് നേടാനായില്ലെങ്കില്‍ നവംബറില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും. കഴിഞ്ഞ വര്‍ഷം ഏപ്രിലിലുണ്ടായ പ്രക്ഷോഭത്തില്‍ 90ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് തെക്കന്‍ മേഖലയില്‍ കിര്‍ഗിസ്- ഉസ്‌ബെക് വംശീയ കലാപത്തില്‍ 500ഓളം പേരാണ് കൊല്ലപ്പെട്ടത്.

malayalam news