എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് നീക്കം ‘നെയ്യാറ്റിന്‍കര തിയറി’ ഊട്ടി ഉറപ്പിക്കാന്‍
എഡിറ്റര്‍
Monday 15th October 2012 11:16am

കൂടുതല്‍ ഹൈന്ദവ വല്‍ക്കരിക്കപ്പെടുന്ന സി.പി.ഐ.എം ഒരു പ്രതിസന്ധിയില്‍പ്പെട്ടാല്‍ ആ വോട്ടുകള്‍ താമരയില്‍ വീഴുമെന്ന നെയ്യാറ്റിന്‍കര തിയറി ഊട്ടി ഉറപ്പിക്കാന്‍ സി.പി.ഐ.എമ്മിനെ തകര്‍ക്കുകയല്ല താല്‍ക്കാലികമായി വളര്‍ത്തുകയാണ് വേണ്ടതെന്ന തിരിച്ചറിവാണ് ഇവിടെ പുറത്ത് വരുന്നത്. കിരണ്‍ തോമസ് തോമ്പില്‍ എഴുതുന്നു…..


എസ്സേയിസ് / കിരണ്‍ തോമസ് തോമ്പില്‍


കേരളം കാത്തിരുന്ന സൗഹൃദം എന്ന തലക്കെട്ടില്‍ ടി.ജി മോഹന്‍ദാസ് ആര്‍.എസ്.എസും സി.പി.ഐ.എമ്മും പരസ്പരം സഹകരിക്കേണ്ടതിന്റെ ആവശ്യകത ചുണ്ടിക്കാട്ടുന്ന ലേഖനം വായിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മാറ്റത്തിലെ ഒരു സൂചനയയി വേണം അത് കാണാന്‍.

Ads By Google

സി.പി.ഐ.എം എന്ന പ്രസ്ഥാനം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലൂടെ കടന്ന് പോകുകയും, എല്ലാ സി.പി.ഐ.എം വിരുദ്ധ ശക്തിക്കളും ഒരുമിച്ച് സി.പി.എമ്മിനെതിരെ വേട്ടയാടല്‍ തുടരുകയും, അവര്‍ക്കൊപ്പം കേരളത്തിലെ 90% മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പക്ഷം പിടിക്കുകയും ചെയ്യുമ്പോഴാണ് പരസ്പരം കൊന്ന് കണക്ക് തീര്‍ക്കുന്ന ആര്‍.എസ്.എസ് സി.പി.ഐ.എം സഹകരണത്തെപ്പറ്റി സംസാരിക്കുന്നു എന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്.

എന്തുകൊണ്ടാണ് ആര്‍.എസ്.എസുകാരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരു സമീപനം  ഇപ്പോള്‍ ഉണ്ടാകുന്നതെന്ന് പരിശോധിക്കുമ്പോള്‍  പ്രധാനമായും ഉയര്‍ന്ന് വരുന്നത് സി.പി.ഐ.എം എന്ന പാര്‍ട്ടിയിലെ സമുദായ ഘടകമാണ്. സി.പി.ഐ.എമ്മിന്റെ  അംഗങ്ങളുടെ കണക്കെടുത്താല്‍ അവരില്‍ ബഹുഭൂരിപക്ഷവും   ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ്. വൈരുദ്ധാതിഷ്ഠിത ഭൗതികവാദത്തില്‍ അടിസ്ഥാനപ്പെടുത്തിയ ആശയമായാണ് സി.പി.ഐ.എം രാഷ്ട്രീയത്തെ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ കടുത്ത ദൈവ വിശ്വാസികളായ കേരളത്തിലെ മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം സി.പി.ഐ.എം ദൈവ നിഷേധികളാണ്.

ഈ ഒറ്റക്കാരണത്താലാണ് സി.പി.ഐ.എമ്മിനെ ഈ വിഭാഗങ്ങള്‍ പ്രധാനമായും അകറ്റി നിര്‍ത്തുന്നത് അല്ലെങ്കില്‍ സി.പി.ഐ.എം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം പ്രസക്തമായ ലത്തീന്‍ കത്തോലിക്കരും പിന്നോക്ക മുസ്‌ലിമുകളും ഇന്നും യു.ഡി.എഫിന്റെ കടുത്ത വോട്ട് ബാങ്കായി തുടരില്ലായിരുന്നു. ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ വിഭാഗങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാറുണ്ടെങ്കിലും ഈ വിഭാഗത്തിലേക്ക് പാര്‍ട്ടിക്ക് ഇതുവരെ വളരാന്‍ കഴിഞ്ഞിട്ടില്ല.

മഅദനിയുമായുള്ള സഖ്യം സി.പി.ഐ.എമ്മിന്റെ സ്വാഭാവിക വോട്ടേഴ്‌സിനെ അകറ്റിയത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. തനിക്കെതിരെ ഉള്ള കേസുകളിലെല്ലാം നിരപരാധിയാണെന്ന് വിധി നേടിയ ശേഷമാണ് മഅദനി രാഷ്ട്രീയത്തിലേക്ക് പുന:പ്രവേശം തേടിയത്‌

ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍  സി.പി.ഐ.എം കാര്യമായി കണ്ണുവച്ചിട്ടില്ല. എന്നാല്‍ മലബാറിലെ സി.പി.ഐ.എം നേതാക്കള്‍ക്ക് മുസ്‌ലിം വോട്ടുകള്‍ സ്ഥിരമായി കിട്ടിയാല്‍ കൊള്ളാമെന്നുള്ളവരാണ്. അതിന് വേണ്ടി ഉള്ള അടവ് നയങ്ങള്‍ അവര്‍ പലപ്പോഴായി പുറത്തെടുത്തിട്ടുമുണ്ട്. അത് ഇ.എം.എസിന്റെ കാലം മുതലേ ആരംഭിച്ചതുമാണ്.

ഇത്തരത്തില്‍ മുസ്‌ലിം വോട്ട് സമാഹരിക്കാന്‍ സി.പി.ഐ.എം പുറത്തെടുത്ത ഒരു സമീപകാല അടവ് നയമായിരുന്നു മഅദനിയുമായി സഹകരിച്ച് നടത്തിയ പൊന്നാനി പരീക്ഷണം. എന്നാല്‍ അത് ഉണ്ടാക്കിയത് വിപരീത ഫലമാണ്. 16 സീറ്റുകളിലും  ഇടതുപക്ഷം തോറ്റമ്പി . മഅദനിയുമായുള്ള അടവ് നയം  വി.എസിനെപ്പോലെ ഉള്ള നേതാക്കള്‍ സി.പി.ഐ.എമ്മിനെതിരെ തിരഞ്ഞെടുപ്പുകാലത്ത് തന്നെ ഉപയോഗിച്ചു എന്ന് മാത്രമല്ല വി.എസ് പക്ഷ ബുദ്ധിജീവികള്‍ മുസ്‌ലിം ലീഗിനെ മഹത്വവല്‍ക്കരിച്ച് ലേഖനങ്ങള്‍ എഴുതുന്നതില്‍ വരെ എത്തി കാര്യങ്ങള്‍.

അബ്ദുള്‍ നാസര്‍ മഅദനിയുമായി ഉണ്ടാക്കിയ  തിരഞ്ഞെടുപ്പ് അടവ് നയം സി.പി.ഐ.എമ്മിനുണ്ടാക്കിയ തിരിച്ചടികള്‍ പരിശോധിക്കുമ്പോഴാണ്  ആര്‍.എസ്.എസിന്റെ സഹകരാണഹ്വാനത്തെ പ്രസക്തമാക്കുന്നത്. ഇന്തോ-യു.എസ്  ആണവക്കരാറുമായി ബന്ധപ്പെട്ടാണ് സി.പി.ഐ.എം  ഒന്നാം യു.പി.എ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത് . അബ്ദുള്‍ നാസര്‍ മഅദനി ആ തിരഞ്ഞെടുപ്പില്‍  ഉയര്‍ത്തിയ വിഷയവും സാമ്രാജിത്വ വിരുദ്ധതയുമായിരുന്നു.

ആര്‍.എസ്.എസ് ആദര്‍ശത്തെ തള്ളിപ്പറയാത്ത രാമന്‍പിള്ളയുടെ വേദി പങ്കിടല്‍ ഉണ്ടാക്കാത്ത ആശങ്ക തീവ്ര നിലപാടുകള്‍ തള്ളിപ്പറഞ്ഞ മഅദനിയുടെ വേദി പങ്കിടല്‍ ഉണ്ടാക്കിയത് എന്തുകൊണ്ടാകും

നീണ്ട ജയില്‍വാസത്തിന് ശേഷം കുറ്റവിമുക്തനായി  തിരികെ വന്ന മഅദനി തനിക്ക് നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞത്  തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുകള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ താന്‍ ഈ സമൂഹത്തോട് മാപ്പ് ചോദിക്കുന്നു എന്നാണ്. അങ്ങനെ ഉള്ള മദനിയുമായി വേദി പങ്കിട്ടതാണ് വി.എസും അദ്ദേഹത്തിന്റെ അനുയായികളും  ഒപ്പം ഒരുപറ്റം മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ആ തിരഞ്ഞെടുപ്പ് അജണ്ട ആക്കിയത് . എന്നാല്‍ അന്ന് മഅദനിക്കൊപ്പം ബി.ജെ.പിയുമായി തെറ്റിയ (ആശയപരമായി അല്ല വ്യക്തിപരമായി മാത്രം ) കെ.രാമന്‍ പിള്ളയും പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ അത് കാര്യമായി വിവാദങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാക്കിയില്ല. എല്ലാ ടാര്‍ഗറ്റും അന്ന് മഅദനിയിലായിരുന്നു.

അബ്ദുള്‍ നാസര്‍ മഅദനിയുമായി ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യത്തെ പിണറായി വിജയന്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും ആ സഖ്യം പാര്‍ട്ടിക്ക് ലഭിക്കേണ്ട സ്വാഭാവിക വോട്ടുകള്‍ നഷ്ടപ്പെടുത്തി എന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് ഒരിക്കല്‍ മാത്രമല്ല ലോകസഭ തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള ചര്‍ച്ചകളിലെല്ലാം ഇത് ആവര്‍ത്തിക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് അബ്ദുള്‍ നാസര്‍ മഅദനിയുമായുള്ള സഖ്യം സി.പി.ഐ.എമ്മിന്റെ സ്വാഭാവിക വോട്ടേഴ്‌സിനെ അകറ്റിയത് എന്നത് പരിശോധിക്കപ്പെടേണ്ട ഒരു പ്രധാന സംഗതിയാണ്. തനിക്കെതിരെ ഉള്ള എല്ലാ കേസുകളിലും നിരപരാധിയാണ് എന്ന കോടതി വിധികള്‍ നേടിയ ശേഷമാണ് മഅദനി കേരള രാഷ്ട്രീയത്തിലേക്ക് പുന:പ്രവേശനം തേടിയത് (കേസരി ലേഖകനും ഇത് അംഗീകരിക്കുന്നുണ്ട് ).

ആണവക്കരാറും മുസ്‌ലിം ലീഗിന്റെ സാമ്രാജിത്വ നിലപാടുകളൊമൊക്കെയായിരുന്നു മഅദനി അക്കാലത്ത് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍. മഅദനി കൂടെ നിര്‍ത്താന്‍ ശ്രമിച്ചിരുന്നതാകട്ടെ മുസ്‌ലിമുകളിലെ പിന്നോക്ക വിഭാഗത്തേയും. എന്നാല്‍ കുറ്റവിമുക്തനാകുകയും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്ന് പറയുകയും  സാമ്രാജിത്വ വിരുദ്ധ നിലപാട് എടുക്കുകയും ചെയ്ത മഅദനിയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇടതുപക്ഷത്തിനൊപ്പം നിര്‍ത്താന്‍ നടത്തിയ ശ്രമം സി.പി.ഐ.എമ്മിന്റെ  സ്വാഭാവിക വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെങ്കില്‍ അതില്‍ എന്തോ ഒരു പ്രശ്‌നമുണ്ട് എന്ന് കരുതാതെ വയ്യ.

സാംസ്‌ക്കാരിക നായകന്മാരടക്കം  മഅദനി സി.പിഐ.എം ബന്ധത്തിനെതിരെ രംഗത്ത് വന്നതും മഅദനിക്ക് മേല്‍ ആരോപണപ്പെരുമഴ വന്നതും മഅദനിയുടെ ഭാര്യ അടക്കമുള്ളവര്‍ ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്തു എന്നതാണ് ആ സഖ്യത്തിലൂടെ മഅദനിക്ക് കിട്ടിയത്. എന്നാല്‍ അതേ വേദിയില്‍ വന്നിരുന്ന മുന്‍ ആര്‍.എസ്.എസുകാരന്‍  കെ.രാമന്‍ പിള്ളിയുടെ സാന്നിധ്യം ഒരു തരത്തിലും വിവാദമായതുമില്ല. ആര്‍.എസ്.എസ് ആദര്‍ശത്തെ തള്ളിപ്പറയാത്ത രാമന്‍പിള്ളയുടെ വേദി പങ്കിടല്‍ ഉണ്ടാക്കാത്ത ആശങ്ക തീവ്ര നിലപാടുകള്‍ തള്ളിപ്പറഞ്ഞ മഅദനിയുടെ വേദി പങ്കിടല്‍ ഉണ്ടാക്കിയത് എന്തുകൊണ്ടാകും എന്നത് പരിശോധിക്കുമ്പോഴാണ് സി.പി.എമ്മിനോട്  മൃദുസമീപനം പുലര്‍ത്തണമെന്ന ആര്‍.എസ്.എസ് ചിന്ത പ്രസക്തമാകുന്നത്‌.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന് വോട്ട് ചെയ്തതിനെപ്പറ്റി ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ പറഞ്ഞതും ഈ അവസരത്തില്‍  കൂട്ടിവായിക്കണം.  പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിലും അദ്ദേഹവുമായി പിണറായി വിജയന്‍ വേദി പങ്കിട്ടതിലും പ്രതിഷേധിച്ചാണ് ഞാന്‍ എല്‍.ഡി.എഫിനെ ആ തിരഞ്ഞെടുപ്പില്‍ തോല്പിക്കാന്‍ പരിശ്രമിച്ചത്. പ്രതികരണശേഷിയുള്ള ഒരു കമ്യൂണിസ്റ്റുകാരന് അന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു നിലപാട് മാത്രമേ സ്വീകരിക്കാന്‍ സാധിക്കൂ. ബദല്‍രേഖയുടെ പേരില്‍ എം.വി. രാഘവനും ഐ.എന്‍.എല്‍ സഖ്യത്തിന്റെ പേരില്‍ സി.ഐ.ടി.യു പക്ഷവും വെട്ടി നിരത്തപ്പെട്ട കഥകള്‍കൂടി ഈ അവസരത്തില്‍ കൂട്ടിവായിക്കുമ്പോഴാണ് കുഞ്ഞനന്ദന്‍ നായര്‍ പറയുന്ന പ്രതികരണ ശേഷിയുള്ള കമ്യൂണിസ്റ്റുകാരുടെ രീതികള്‍ മനസിലാകുക.

മദനിയുമായി ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യത്തെപ്പറ്റി പിന്നിട് ഒരുപാട് ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നു. അവസാനം കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രത്യേക കേന്ദ്രക്കമ്മറ്റിയില്‍ വരെ വി.എസ് ഇത് ഉന്നയിച്ചു എന്ന് മാത്രമല്ല ഇത് സി.പി.ഐ.എമ്മിനെ സംബന്ധിച്ച് വലിയ തെറ്റാണ് എന്ന  പൊതുബോധം ഊട്ടിയുറപ്പിക്കുന്ന അന്തിച്ചര്‍ച്ചകളാണ് അന്നും കേരളത്തില്‍  നടന്നത്. എന്നാല്‍ മുന്‍ ആര്‍.എസ്.എസുകാരനുമായി വേദി പങ്കിട്ടത് അപ്പോഴും തിരുത്തല്‍ പ്രക്രിയയില്‍ പ്രസക്തമാകാതെ പോകുന്നത്  രസാവഹമാണ്.

മഅദനി വിഷയം  ഇപ്പോഴും കിട്ടാവുന്ന വേദികളിലൊക്കെ ഉന്നയിക്കുന്ന വി.എസ് മുസ്‌ലിം വിഷയങ്ങളില്‍ പലപ്പോഴും  രൂക്ഷമായി പ്രതികരിക്കുന്നതിനോട് കൂട്ടി വായിക്കേണ്ടതും ഉണ്ട്. ലവ് ജിഹാദുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായപ്പോള്‍ അതിനെ പിന്‍പറ്റുന്ന നിലപാടാണ് വി.എസ് സ്വീകരിച്ചത് . ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വറിനെപ്പോലെ ഉള്ളവര്‍ ലവ് ജിഹാദ് ഉണ്ട് എന്ന് സ്ഥാപിക്കാന്‍ ‘ബഹുമാനപ്പെട്ട അച്യുതാനന്ദന്‍ സാറി’നെപ്പോലെ ഉള്ളവരുടെ പ്രതികരണങ്ങളെ ക്വാട്ട് ചെയ്യാറുണ്ട് എന്നുള്ളതും ഈ അവസരത്തില്‍ കൂട്ടി വായിക്കണം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലം യുഡി.എഫിനെ ഒരു ന്യൂനപക്ഷ വിഭാഗങ്ങള്‍ മേല്‍ക്കൈ ഉള്ള മുന്നണി ആക്കി മാറ്റിയതും  ഇടതുപക്ഷത്ത് നിന്ന് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സഖ്യകക്ഷികള്‍ ഒലിച്ച് പോയതും ഒരു പുതിയ സാമുദായിക വിഭജനം ഉണ്ടാക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് . ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മേല്‍ക്കൈയുള്ള സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ ഭൂരിപക്ഷ സമുദായത്തെ ആ മുന്നണിയില്‍ നിന്ന് അകറ്റുക സ്വാഭാവികമാണ് അതിന്റെ  ഗുണഭോക്താക്കളാകുക പ്രതിപക്ഷമായിരിക്കുകയും ചെയ്യും.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത്  നെയ്യാറ്റിങ്കര തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രതിഫലിക്കുന്നതാണ് കണ്ടത്. ടി.പി വധം സി.പി.ഐ.എമ്മിന്റെ സാധ്യതകളെ അട്ടിമറിച്ചപ്പോള്‍ ആ സ്വാഭാവിക വോട്ടുകള്‍ താമര ചിഹ്നത്തില്‍ പോള്‍ ചെയ്യപ്പെട്ടത് ചിന്തിക്കുന്ന ആര്‍.എസ്.എസുകാരെ ആവേശഭരിതമാക്കും എന്നതില്‍ അത്ഭുതമില്ല. അതായത് കൂടുതല്‍ ഹൈന്ദവ വല്‍ക്കരിക്കപ്പെടുന്ന സി.പി.ഐ.എം ഒരു പ്രതിസന്ധിയില്‍പ്പെട്ടാല്‍ ആ വോട്ടുകള്‍ താമരയില്‍ വീഴുമെന്ന നെയ്യാറ്റിന്‍കര തിയറി ഊട്ടി ഉറപ്പിക്കാന്‍ സി.പി.ഐ.എമ്മിനെ തകര്‍ക്കുകയല്ല താല്‍ക്കാലികമായി വളര്‍ത്തുകയാണ് വേണ്ടതെന്ന തിരിച്ചറിവാണ് ഇവിടെ പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ആര്‍.എസ്.എസ് നീക്കം ശരിയായ പാതയില്‍ തന്നെയാണ്.

വാല്‍ക്കഷ്ണം: ആര്‍.എസ്.എസ് സഹകരണാഹ്വാനത്തെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട്  പിണറായി വിജയന്‍ നടത്തിയ മുണ്ടൂര്‍ പ്രസംഗത്തിലെ   ഒരു ന്യൂനപക്ഷ സംഘടനകളുടെയും സര്‍ട്ടിഫിക്കേറ്റ്  സി.പി.ഐഎമ്മിന് ആവശ്യമില്ല എന്ന ഭാഗം  മാത്രം അടര്‍ത്തിയെടുത്ത് സി.പി.ഐ.എം- ആര്‍.എസ്.എസ് സഹകരണത്തിന്റെ തെളിവാണ് എന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യാവിഷനിലെ അനന്തകൃഷ്ണന്റെ  റിപ്പോര്‍ട്ടിങ്ങ് കൂടെ പരിഗണിച്ചുകൊണ്ട് വേണം നാം ഈ വിഷയത്തെ  നോക്കിക്കാണേണ്ടത്.

Advertisement