എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ കാര്യത്തില്‍ കെജ്‌രിവാളിനും കിരണ്‍ബേദിയ്ക്കും രണ്ട് നിലപാട്
എഡിറ്റര്‍
Monday 27th August 2012 1:07pm

ന്യൂദല്‍ഹി: അഴിമതിക്കെതിരെ പോരാട്ടം തുടരുന്ന അണ്ണാ ഹസാരെ സംഘത്തില്‍ ഭിന്നത. സംഘത്തിലെ പ്രധാനികളായ അരവിന്ദ് കെജ്‌രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള ഭിന്നതയാണ് പുറത്തുവന്നിരിക്കുന്നത്.

Ads By Google

കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ ശക്തമായ നിലപാടെടുക്കണമെന്ന അഭിപ്രായക്കാരനാണ് അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ കിരണ്‍ബേദി ഇതിനെ അനുകൂലിക്കുന്നില്ല. ബി.ജെ.പിയ്‌ക്കെതിരെ മൃദുസമീപനം മതിയെന്നും അവരുടെ പിന്തുണ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നുമാണ് ബേദിയുടെ പക്ഷം.

കെജ്‌രിവാളിന് ഒരു രാത്രികൊണ്ട് ഈ കാര്യത്തിന് പരിഹാരം കാണാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെയും ബി.ജെ.പി പ്രസിഡന്റിന്റെയും വീട് ഘരാവോ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നും കിരണ്‍ബേദി ആവശ്യപ്പെട്ടിരുന്നു.  നിതിന്‍ ഗഡ്കരിയുടെ വീട് ഉപരോധിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കിരണ്‍ ബേദി ഞായറാഴ്ചത്തെ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയും കോണ്‍ഗ്രസും ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അഴിമതിയ്ക്കുവേണ്ടി കൈകോര്‍ക്കുന്നുണ്ടെന്നും തെളിയിച്ച് കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. സര്‍ക്കാര്‍ എത്രത്തോടെ സ്വേച്ഛാധിപത്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ചുകൊടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് കിരണ്‍ ബേദിയുടേത്. അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, എല്‍.കെ അദ്വാനി, നിതിന്‍ ഗഡ്ഗരി തുടങ്ങിയവര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. അരവിന്ദ് കെജ്‌രിവാളും പ്രശാന്ത് ഭൂഷണും ഇവരുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളെ പിന്തുണയ്ക്കാമെന്ന് അവര്‍ സമ്മതിച്ചതുമാണ്. ഭരണപക്ഷത്തെപ്പോലെ തങ്ങളെ തള്ളിക്കളയുന്ന സമീപനം അവര്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന കാര്യം കെജ്‌രിവാളും സമ്മതിച്ചിട്ടുണ്ട്. കല്‍ക്കരി ഖനന ഇടപാടിലെ അഴിമതിക്കെതിരെ കെജ്‌രിവാളും സംഘവും പ്രധാനമന്ത്രിയുടേയും, സോണിയ ഗാന്ധിയുടേയും, നിതിന്‍ ഗഡ്കരിയുടേയും വസതികള്‍ ഉപരോധിച്ചപ്പോള്‍ കിരണ്‍ ബേദിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇരുവരും നിലപാട് പരസ്യമാക്കിയത്.

Advertisement