ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഭേദഗതികളോടെയുള്ള ലോക്പാല്‍ ബില്ലിനോട് നൂറ് ശതമാനം യോജിക്കുന്നുവെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയുടെ പിന്തുണ.

Ads By Google

രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കുന്നതില്‍ യു.പി.എ സര്‍ക്കാര്‍ നടത്തുന്ന ഗുണകമായ നീക്കമാണിതെന്നും ഒരു പരിധിവരെയുള്ള ആശങ്കകള്‍ക്ക് പരിഹാരമായെന്നും കിരണ്‍ ബേദി പ്രതികരിച്ചു.

ലോക്പാലിന്റെ പുതിയ കരടിനെതിരെ അന്നാ ഹസാരെയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളും എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് കിരണ്‍ ബേദിയുടെ പ്രസ്താവന.

സംസ്ഥാന ലോകായുക്തയെ നിയമിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒഴിവാക്കി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയും മതരാഷ്ട്രീയ സംഘടനകളെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയുമുള്ള ഭേദഗതികളുമായി ഇന്നലെയാണ് ലോക്പാല്‍ ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്.

സെലക്ട് കമ്മിറ്റിയുടെ 16 ഭേദഗതികളില്‍ 14 എണ്ണം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ലോക്പാല്‍ അന്വേഷണം നേരിടുന്ന വ്യക്തിക്ക് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കരുതെന്ന നിര്‍ദേശം അംഗീകരിച്ചില്ല.

ലോക്പാലില്‍നിന്നു ലോകായുക്തയെ ഒഴിവാക്കിയതാണ് ഏറ്റവും പ്രധാനം. ലോകായുക്തയെ ലോക്പാലിന്റെ പരിധിയില്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രത്തിനു കൈകടത്താന്‍ അവസരം സൃഷ്ടിക്കുമെന്നു രാഷ്ട്രീയപാര്‍ട്ടികള്‍ വാദിച്ചിരുന്നു.

ലോക്പാല്‍ നിയമത്തിനായി അഞ്ചംഗ സമിതിയെ രൂപീകരിക്കും. സംസ്ഥാനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ലോകായുക്ത രൂപീകരിക്കണമെന്നും ബില്ലില്‍ പറയുന്നു. മതരാഷ്ട്രീയ സംഘടനകള്‍ ഒഴികേയുള്ള സംഘടനകള്‍ ബില്ലിന്റെ പരിധിയില്‍ വരും.

2011 ല്‍ ലോകസഭയില്‍ പാസാക്കിയ ലോകസഭ പാസാക്കിയ ബില്ലില്‍ 11 ഭേദഗതികളാണ് മന്ത്രിസഭ പരിഗണിച്ചത്. സന്നദ്ധ സംഘടനകളേയും സംഭാവനകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളേയും ലോക്പാല്‍ പരിധിയില്‍ കൊണ്ടു വരിക, സി.ബി.ഐ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ നിയമനം കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറുക എന്നിവയും ഭേദഗതിയില്‍ പെടും.