Categories

വിമാനയാത്രാക്കൂലി വിവാദം: പണം തിരികെ നല്‍കുമെന്ന് കിരണ്‍ ബേദി

Kന്യൂദല്‍ഹി: പ്രഭാഷണങ്ങള്‍ നടത്തുന്നതിന് യാത്രചെയ്ത വകയില്‍ സംഘാടകരില്‍ നിന്ന് വാങ്ങിയ അധിക പണം തിരിച്ചുനല്‍കുമെന്ന് മുന്‍ ഐ.പി.എസ് ഓഫീസറും അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖയുമായ കിരണ്‍ ബേദി. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി സര്‍ക്കാരിന്റെ യാത്രാനുകൂല്യം നേടി സഞ്ചരിച്ച ശേഷം സംഘാടകരില്‍ നിന്ന് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയ കിരണ്‍ ബേദിയുടെ നടപടി വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ‘ഇങ്ങനെ ലഭിക്കുന്ന തുക ഞ്ഞാന്‍ നടത്തുന്ന സന്നദ്ധ സംഘടനയായ ഇന്ത്യാവിഷന്‍ ഫൗണ്ടേഷന്റെ ഫണ്ടിലേക്കാണ് നല്‍കുന്നത്. ട്രസ്റ്റിന്റെ ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാവുന്നതാണ്’-എന്നായിരുന്നു ഇതിന് ബേദി നല്‍കിയ വിശദീകരണം.

കിരണ്‍ ബേദിക്ക് എയര്‍ ഇന്ത്യ വിമാന യാത്രക്കൂലിയില്‍ 75 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് മറച്ചുവെച്ച് പങ്കെടുക്കുന്ന ചടങ്ങുകളുടെ സംഘാടകരില്‍ നിന്ന് മുഴുവന്‍ യാത്രാക്കൂലിയും ഈടാക്കിയിരുന്ന കിരണ്‍ ബേദി അധികമായി വാങ്ങിയ പണമാണ് തിരിച്ച് നല്‍കുക. ധീരതാ പുരസ്‌കാരം നേടിയതിനാലാണ് കിരണ്‍ ബേദിക്ക് ഈ ഇളവ് ലഭിക്കുന്നത്. ധീരതാ പുരസ്‌കാരം നേടിയ എല്ലാവര്‍ക്കും ടിക്കറ്റ് നിരക്കില്‍ കിഴിവ് ലഭിക്കും. 2001 ഫിബ്രവരി മുതല്‍ ഈ സൗജന്യനിരക്ക് പ്രാബല്യത്തിലുണ്ട്.

‘ഇക്കണോമി’ വിഭാഗത്തില്‍ യാത്ര ചെയ്താല്‍പ്പോലും ഉയര്‍ന്ന നിരക്കിലുള്ള ‘ബിസിനസ്’ ക്ലാസ്സിന്റെ നിരക്കാണ് സംഘാടകരില്‍ നിന്ന് ബേദി ആവശ്യപ്പെടാറുള്ളത് എന്ന് ഒരു ദേശീയ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കിരണ്‍ ബേദി ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ‘ബിസിനസ്’ ക്ലാസ് യാത്രച്ചെലവ് തന്നെ ചടങ്ങുകള്‍ക്ക് ക്ഷണിക്കുന്നവര്‍ നല്‍കുന്നതാണെന്നാണ് അവര്‍ വിശദീകരിച്ചത്. ഇതുവഴി താന്‍ വ്യക്തിപരമായി ഒരു നേട്ടവുമുണ്ടാക്കിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.