ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് ഹസാരെ അനുയായികളായ കിരണ്‍ ബേദിയും അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി.

Ads By Google

സ്വാതന്ത്ര്യദിന സന്ദേശമായി എഴുതി തയാറാക്കിയ പ്രസംഗം വായിക്കുകയല്ല, ഹൃദയത്തില്‍ നിന്ന് നേരിട്ട് സംസാരിക്കുകയാണ് വേണ്ടതെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കൂടിയായ കിരണ്‍ ബേദി ട്വിറ്ററിലൂടെ പ്രതികരിച്ചു.

രാജ്യത്തിന്റെ ഭാഗധേയം നിയന്ത്രിക്കുന്നത് അഴിമതിക്കാരായ ഒരു സംഘം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റുകളുമാണെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.

ലോക്പാല്‍ ബില്ല് പാസാക്കിയെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നതെന്നും എന്നാല്‍ ഏത് തരത്തിലുള്ള ബില്ലാണ് സര്‍ക്കാര്‍ പാസാക്കിയതെന്നും കിരണ്‍ ബേദി ചോദിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ വിശ്വാസവീഴ്ചയാണ് കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര രാഷ്ട്രീയം രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നും രാഷ്ട്രീയ ഐക്യത്തിന്റെ അഭാവമാണ് ഇന്ത്യയുടെ മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കിരണ്‍ബേദിയും കെജ്‌രിവാളും രംഗത്തെത്തിയത്.