ന്യൂദല്‍ഹി: കിങ്ഫിഷര്‍ വിമാനങ്ങളുടെ പുതിയ സമയക്രമങ്ങള്‍ ഇന്ന് ഡി.ജി.സി.എയ്ക്ക് മുന്നില്‍ സമര്‍പ്പിക്കും. ഇന്ന് ഉച്ചയോടെയാണ് ഷെഡ്യൂള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കുക. ഇന്നലെ കിങ്ഫിഷര്‍ സി.ഇ.ഒ സജ്ജയ് അഗര്‍വാള്‍ വ്യോമയാന  ഡയരക്ട്രേറ്റ് ജനറലിനു മുന്നില്‍ ഹാജരായിരുന്നു.

വിമാനം റദ്ദാക്കലുമായി ബന്ധപ്പെട്ടുള്ള വിശദീകരണം നല്‍കാനാണ് ഇദ്ദേഹത്തെ ഡയരക്ട്രേറ്റിനു മുന്നില്‍ വിളിച്ചുവരുത്തയിത്. 28 മുതല്‍ 64 വരെയുള്ള വിമാനങ്ങളാണ് കിങ്ഫിഷര്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.  കിങ്ഫിഷറിന്റെ വിശദീകരണത്തില്‍ ഡി.ജി.സി.എ. തൃപ്തരല്ലെങ്കിലും കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.

കിങ്ഫിഷറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നടപടിയില്‍ കിങ്ഷിഷര്‍ ചെയര്‍മാന്‍ വിജയ്മല്യ ഇന്നലെ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കിങ്ഫിഷര്‍ അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റ് പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കിങ്ഫിഷറിന് 53.8 കോടിയുടെ ബാധ്യതയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 ല്‍ ബാധ്യത നൂറുകോടി കവിയാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.

കൊല്‍ക്കത്തയിലെ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച് സുപ്രധാന മേഖലയായ വടക്കുകിഴക്കല്‍ പ്രദേശത്തെ ബുദ്ധിമുട്ടിലാക്കിയതില്‍ ഡി.ജി.സി.എ. കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ പ്രവര്‍ത്തനങ്ങള്‍ കിങ്ഫിഷര്‍ നിര്‍ത്തിവെച്ചതിനെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് ഡി.ജി.സി.എ. പറഞ്ഞു. ഇതേത്തുടര്‍ന്ന് അടുത്ത ദിവസംതന്നെ കൊല്‍ക്കത്ത പ്രവര്‍ത്തനം ഭാഗികമായി കിങ്ഫിഷര്‍ പുനരാരംഭിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കപ്പെട്ട മിക്കവാറും വിമാനങ്ങള്‍ ഒരാഴ്ചയ്ക്കകം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. കിങ്ഫിഷറില്‍ പൈലറ്റുമാരുടെ കുറവുണ്ടെന്ന് കരുതുന്നില്ലെന്നും വിമാനങ്ങളുടെ റദ്ദാക്കല്‍ അതുകൊണ്ടാണെന്നും വിചാരിക്കുന്നില്ലെന്നുമായിരുന്ന്ു അദ്ദേഹത്തിന്റെ വിശദീകരണം.

കിങ്ഫിഷറിനോട് ജീവനക്കാരുടെ ശമ്പളം ഉടനടി നല്‍കാന്‍ ഡി.ജി.സി.എ. ആവശ്യപ്പെട്ടിട്ടുണ്ട്. കുടിശ്ശിക അടക്കം മുഴുവന്‍ ശമ്പളവും മാര്‍ച്ചില്‍ നല്‍കുമെന്നാണ് കിങ്ഫിഷര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.

Malayalam News

Kerala News In English