എഡിറ്റര്‍
എഡിറ്റര്‍
രാജ്യാന്തര സര്‍വ്വീസുകളും നിര്‍ത്തി; കിംഗ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് സൂചന
എഡിറ്റര്‍
Tuesday 20th March 2012 10:30am

ന്യൂദല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിംഗ്ഫിഷര്‍ രാജ്യാന്തര സര്‍വ്വീസുകളും റദ്ദാക്കി. ഏപ്രില്‍ 10 മുതലാണ് സര്‍വ്വീസുകള്‍ റദ്ദാക്കുന്നത്. കഴിഞ്ഞാഴ്ച ലണ്ടന്‍ അടക്കം എട്ടോളം വിദേശ നഗരങ്ങളിലേക്ക് നടത്തിയിരുന്ന സര്‍വീസുകള്‍ കിംഗ്ഫിഷര്‍ നിര്‍ത്തിവെച്ചിരുന്നു.

അതിനിടെ, കിംഗ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച് വ്യോമയാന ഡയറക്ടറേറ്റ് സൂചന നല്‍കി കഴിഞ്ഞു. മുന്നറിയിപ്പ് കൂടാതെ സര്‍വീസുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഫെബ്രുവരി ആദ്യം തന്നെ കമ്പനിയോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സ്ഥിതി സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചുമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത പക്ഷം കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയേക്കുമെന്ന് കേന്ദ്ര മന്ത്രി അജിത്ത് സിംഗും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നികുതിയിനത്തില്‍ അടക്കാനുള്ള 74 കോടി രൂപ എത്രയും വേഗം അടച്ചു തീര്‍ക്കണമെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് കിംഗ്ഫിഷറിന് താക്കീത് നല്‍കി.

ഇന്നലെ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. കിംഗ്ഫിഷര്‍ കമ്പനിക്ക് നേരത്തെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് മല്യയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

Malayalam news

Kerala news in English

Advertisement