മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. തിങ്കളാഴ്ച മുതല്‍ സമരം നടത്തുമെന്നാണ് പൈലറ്റുമാരുടെ മുന്നറിയിപ്പ്.

മാര്‍ച്ച് മുതലുള്ള വേതനം മാസങ്ങള്‍ക്ക് ശേഷം കമ്പനിയ്ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് സമര നടപടികള്‍ക്ക് ഒരുങ്ങുന്നതെന്നും പൈലറ്റുമാരുടെ പ്രതിനിധികള്‍ പറഞ്ഞു. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ഒരു വിഭാഗം പൈലറ്റുമാര്‍ ജോലിക്കെത്തിയിരുന്നില്ല.

Ads By Google

ഇതാദ്യമായാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുംബൈയിലെയും ദല്‍ഹിയിലെയും പൈലറ്റുമാര്‍ ഒരുമിച്ച് സമരം നടത്തുന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ മുഴുവന്‍ പൈലറ്റുമാരും പണിമുടക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പൈലറ്റുമാരുടെ സമരപ്രഖ്യാപനത്തോട് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വക്താവ് പ്രതികരിച്ചിട്ടില്ല.

ഒരു വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ്. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് നേരത്തെ പലതവണ പൈലറ്റുമാര്‍ സമരം നടത്തുകയും ചെയ്തിരുന്നു.