മുംബൈ: കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ വീണ്ടും പ്രതിസന്ധി. കമ്പനിയിലെ ഒരു വിഭാഗം പൈലറ്റുമാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് 19 വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു.

Ads By Google

മാര്‍ച്ച് മാസത്തില്‍ ലഭിക്കേണ്ട ശമ്പളം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. ഈ മാസം ഇതു രണ്ടാം തവണയാണ് കിങ്്ഫിഷര്‍ പൈലറ്റുമാര്‍ സമരത്തിലേര്‍പ്പെടുന്നത്.

റദ്ദാക്കിയ വിമാനങ്ങളില്‍ എട്ടെണ്ണം മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ളവയാണ്. ദല്‍ഹിയില്‍ നിന്നും ധരംശാലയിലേക്കും ഉദയ്പൂരിലേക്കും ദെഹ്‌റ ധനിലേക്കുമുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 17ന് മുമ്പായി മാര്‍ച്ചിലെ ശമ്പളം നല്‍കാമെന്ന് മാനേജ്‌മെന്റ് പൈലറ്റുമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 15 പൈലറ്റുമാര്‍ കമ്പനിയുടെ സി.ഇ.ഒയെ ചെന്ന് കണ്ടു. ചൊവ്വാഴ്ച പണം നല്‍കാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പൈലറ്റുമാര്‍ വിസമ്മതിക്കുകയും സമരം ആരംഭിക്കുകയുമായിരുന്നു.