മുംബൈ: പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെതുടര്‍ന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് പാട്ടത്തിന് നല്‍കിയ വിമാനങ്ങള്‍ ഉടമകള്‍ തിരിച്ചെടുത്തു. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന കിങ്ഫിഷര്‍ ഇതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

കിങ്ഫിഷര്‍ പാട്ടത്തുകയില്‍ 1000 കോടി രൂപയോളമാണ് കുടിശ്ശികയായി നല്‍കാനുള്ളത്. പാട്ടത്തിന് നല്‍കിയ 34 വിമാനങ്ങളാണ് ഇതേ തുടര്‍ന്ന് ഉടമകള്‍ തിരിച്ചെടുത്തത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ നടത്തുന്ന പരിമിതമായ സര്‍വീസുകള്‍ പോലും മുടങ്ങുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

എന്നാല്‍ പണം നല്‍കുന്നതില്‍ വീഴ്ച പറ്റിയതിനാല്‍ വിമാനങ്ങള്‍ പിടിച്ചെടുത്തതല്ലെന്നും തങ്ങള്‍ സ്വമേധയാ തിരിച്ചുനല്‍കുകയായിരുന്നുമെന്നുമാണ് കിങ്ഫിഷര്‍ അധികൃതരുടെ വാദം. അതേസമയം സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇല്ലാത്തതിനാല്‍ കിങ്ഫിഷറിന്റെ 15 വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്‌.