ന്യൂദല്‍ഹി: മുന്നറിയിപ്പില്ലാതെ കിങ്ഫിഷര്‍ വിമാനങ്ങള്‍ റദ്ദാക്കിയ സംഭവത്തില്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡി.ജി.സി.എ) അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്ന് തന്നെ സമര്‍പ്പിക്കണമെന്ന് ഡി.ജി.സി.എ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യാതൊരു മുന്നറിയിപ്പുമില്ലാതെ രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ എണ്‍പതോളം കിങ്ഫിഷര്‍ വിമാനങ്ങളാണ് റദ്ദാക്കിയത്. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതിനാല്‍ 32 വിമാന സര്‍വീസുകള്‍ മാത്രമാണ് മുടങ്ങിയതെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. മൂന്നോ നാലോ ദിവസം കൂടി ഈ അവസ്ഥ തുടര്‍ന്നേക്കുമെന്നും കിങ്ഫിഷര്‍ അറിയിച്ചു. കിങ്ഫിഷറിന്റെ ഏതെങ്കിലും യൂണിറ്റ് അടച്ചുപൂട്ടാനുള്ള യാതൊരു നീക്കവും ഇല്ലെന്നും കമ്പനി വ്യക്തമാക്കി.

സിംഗപ്പൂര്‍,ധാക്ക, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള രാജ്യാന്തര സര്‍വീസുകളാണ് റദ്ദാക്കിയത്. മുംബൈ,കൊല്‍ക്കത്ത, ദല്‍ഹി വിമാനത്താവളത്തിലെ സര്‍വീസുകളാണ് മുടങ്ങിയത്. മുംബൈയിലെ 16 വിമാനസര്‍വീസുകള്‍ റദ്ദാക്കി. കൊല്‍ക്കത്തയിലെ എല്ലാ കിങ്ഫിഷര്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ഈ സാഹചര്യത്തിലാണ് അടിക്കടി വിമാനം റദ്ദാക്കുന്നതിന്   കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കിങ്ഫിഷര്‍ എയര്‍ലൈനിന് ഡി.ജി.സി.എ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതാണു സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്ന വാര്‍ത്തകള്‍ കിങ്ഫിഷര്‍ നിഷേധിച്ചു. വിമാന സര്‍വീസുകള്‍ ഒന്നും വെട്ടിക്കുറച്ചിട്ടില്ലെന്നും അപ്രതീക്ഷിതമായ സംഭവങ്ങളെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ത്രൈമാസത്തില്‍ കമ്പനിയുടെ നഷ്ടം 44 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നഷ്ടം പെരുകുന്നത് കമ്പനിക്ക് കടുത്ത തലവേദനയുണ്ടാക്കുകയാണ്. പ്രവര്‍ത്തന മൂലധനത്തിന് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കമ്പനി കഴിഞ്ഞ ഏതാനും മാസങ്ങളായി പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസം, വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം കുറച്ചത് കിംഗ്ഫിഷറിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. നേരത്തെ 2.11 ശതമാനമായിരുന്ന വിദേശ നിക്ഷേപം 2011 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് 0.5 ശതമാനമായി കുറഞ്ഞിരുന്നു