ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ സര്‍വീസുകള്‍ റദ്ദാക്കിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പുതുക്കിയ സമയക്രമം ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) മുമ്പാകെ സമര്‍പ്പിച്ചു. വിമാന സര്‍വീസുകള്‍ ഏഴു ദിവസത്തിനുള്ളില്‍ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഡയറക്ടറേറ്റ് ഡി.ജി.സി.എക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

ദിവസവും 28 വിമാനങ്ങള്‍ ഉപയോഗിച്ച് 170 സര്‍വീസുകളായിരിക്കും മാര്‍ച്ച് അവസാനംവരെ നടത്തുകയെന്ന് പുതുക്കിയ ഷെഡ്യൂളില്‍ കിംഗ്ഫിഷര്‍ പറയുന്നു. വന്‍തോതില്‍ സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സമയക്രമം പുനക്രമീകരിക്കാന്‍ ഡി.ജി.സി.എ നല്‍കിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കിംഗ്ഫിഷര്‍ പുതുക്കിയ സമയക്രമം സമര്‍പ്പിച്ചത്.

എണ്ണ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവരുടെ കടങ്ങള്‍ മാര്‍ച്ച് 20 മുമ്പ് അടച്ചു തീര്‍ക്കുമെന്നും കിംഗ്ഫിഷറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതി വകുപ്പിന്റെ നടപടി നിറുത്തിവയ്ക്കണമെന്നും കിംഗ്ഫിഷര്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ കമ്പനി എങ്ങിനെ മുന്നോട്ട് പോകുമെന്നതിനെ സംബന്ധിച്ച് കംഗ്ഫിഷറിന്റെ സി.ഇ.ഓ യോട് ഡി.ജി.സി.എ മേധാവി ഇ.കെ. ഭരത് ഭൂഷണ്‍ വിശദീകരണം തേടിയിരുന്നു. വ്യോമയാന മന്ത്രി അജിത് സിംഗിനെ നേരില്‍ കണ്ട് ഭരത് ഭൂഷണ്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, കിംഗ്ഫിഷറിന്റെ സര്‍വ്വീസുകള്‍ തുടര്‍ച്ചായാ നാലാം ദിവസവും മുടങ്ങിയിരിക്കുകയാണ്. മുപ്പതോളം സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്. കിംഗ്ഫിഷറിലെ ശമ്പളം മുടങ്ങുന്നതിനെത്തുടര്‍ന്ന് 34 പൈലറ്റുമാര്‍ കമ്പനിയില്‍ നിന്നും രാജിവെച്ചു. ഒട്ടേറെ ജീവനക്കാര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ഒക്‌ടോബറിനു ശേഷം 80 പൈലറ്റുമാരാണ് കമ്പനി വിട്ടത്.

Malayalam News

Kerala News In English