ബാംഗ്ലൂര്‍: തിരുവനന്തപുരം കിംഗ്ഫിഷര്‍ വിമാനത്തില്‍ നാടന്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. മലയാളികളായ കിങ്ഫിഷറിലെ ജീവനക്കാരായിരുന്ന മൂന്ന് പേരാണ് പിടിയിലായത്. മൂവരും ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റുണ്ടായത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ കേസിന് മേല്‍നോട്ടം വഹിക്കുന്ന പോലീസ് ഡെപ്യൂട്ടി കമീഷണര്‍ ബസവരാജ് മാല്‍ഗാട്ടി തയാറായിട്ടില്ല. പിടികൂടിയവരെ കേരള പോലീസിന് കൈമാറിയിട്ടുണ്ട്.

കിംഗ്ഫിഷറിന്റെ ഗ്രൗണ്ട്സ്റ്റാഫ് ജീവനക്കാരായിരുന്നു ഇവരെന്നാണ് സൂചന. ദുബൈയില്‍ ജോലി ശരിയായത് കാരണം കിങ്ഫിഷറിലെ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. അറസ്റ്റ് വാര്‍ത്ത ഒരു ദേശീയ ചാനലാണ് പുറത്തുവിട്ടത്.