ബാംഗ്ലൂര്‍: കിംഗ്ഫിഷര്‍ വിമാനകമ്പനിയുടെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍ സേവനമായ കിംഗ്ഫിഷര്‍ റെഡ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കവെ കമ്പനി ചെയര്‍മാന്‍ വിജയ് മല്ല്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിസിനസ് മാര്‍ജിനിലുള്ള കുറവാണ് റെഡ് ബിസിനസ് നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് മല്യ പറഞ്ഞു.

കമ്പനി നഷ്ടത്തിലാണെങ്കിലും പരോക്ഷമായി മല്ല്യ അത് സമ്മതിക്കുന്നില്ല. കിംഗ്ഫിഷര്‍ ഫുള്‍ ക്‌ളാസില്‍ യാത്ര ചെയ്യാന്‍ ഉപഭോക്താക്കള്‍ മുന്നോട്ട് വരുന്ന സാഹചര്യമാണുള്ളതെന്നും അതുകൊണ്ട് തന്നെ കിംഗ്ഫിഷര്‍ റെഡ് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് മല്യ വിശദീകരിച്ചത്. ഇന്ത്യയുടെ ഏവിയേഷന്‍ രംഗത്തിന്റെ 20 ശതമാനം ഇപ്പോഴും കൈയാളുന്നത് കിംഗ്ഫിഷര്‍ കമ്പനിയാണെന്നും മല്യ പറഞ്ഞു. വിമാന ഇന്ധനത്തിന് വില ഉയരുന്നതും രൂപയുടെ വില ഇടിയുന്നതും വ്യോമയാന മേഖലയെ മോശമായി ബാധിച്ചതായി മല്ല്യ പറയുന്നു.

എന്നാല്‍, തുടര്‍ച്ചായി നഷ്ടത്തില്‍ തുടരുന്ന അവസരത്തിലാണ് ചെലവു കുറഞ്ഞ വിമാന സര്‍വീസ് നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മൂലധന സമാഹരണത്തിനാണ് ഇപ്പോള്‍ കമ്പനി പ്രധാന്യം നല്‍കുന്നത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കിങ്ഫിഷര്‍ 264 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. തൊട്ടു മുന്‍വര്‍ഷം ഇതേ കാലയളവിലെ നഷ്ടം 180 കോടി രൂപയായിരുന്നു.