എഡിറ്റര്‍
എഡിറ്റര്‍
കിങ്ഫിഷറിലെ പൈലറ്റുമാരും സമരത്തിലേക്ക്
എഡിറ്റര്‍
Thursday 10th May 2012 3:58pm

ന്യൂദല്‍ഹി: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വീണ്ടും പ്രതിസന്ധിയില്‍. ഒരു വിഭാഗം പൈലറ്റുമാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതാണ് കിങ്ഫിഷറിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജനുവരി മാസത്തിലെ ശമ്പള കുടിശിക മെയ് 9 മുതല്‍ തീര്‍ക്കുമെന്ന ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പൈലറ്റുമാര്‍ സമരത്തിനൊരുങ്ങുന്നത്.

ആരോഗ്യകരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ദല്‍ഹിയിലെ പൈലറ്റുമാര്‍ മാനേജ്‌മെന്റിനെ അറിയിച്ചു കഴിഞ്ഞു. വടക്കേ ഇന്ത്യയിലുള്ള 90 പൈലറ്റുകളില്‍ 80 പേരും ഒരു ഫ് ളൈറ്റും ഓടിക്കാന്‍  തയ്യാറാവുന്നില്ലെന്നാണ് അറിയുന്നത്.

മുംബൈയിലെ പൈലറ്റുമാരുമാരും ഉടന്‍ സമരരംഗത്തിറങ്ങുമെന്നാണറിയുന്നത്. സമരത്തിന് ഇവരുടെ പിന്തുണ ദല്‍ഹിയിലെ പൈലറ്റുമാര്‍ തേടിയിട്ടുണ്ട്.

ബുധനാഴ്ച മുതല്‍ ശമ്പളം കുടിശിക നല്‍കാമെന്ന് തിങ്കളാഴ്ച കിംങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചെയര്‍മാന്‍ വിജയ് മല്യ വാക്കുനല്‍കിയിരുന്നു. ശമ്പളം നല്‍കാത്തതിനെതിരെ ലേബര്‍ കോടതിയെ സമീപിക്കുമെന്ന് ചില പൈലറ്റുമാര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് മല്യ ഈ ഉറപ്പുമായി രംഗത്തെത്തിയത്.

മല്യ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ശമ്പളം കുടിശിക നല്‍കാന്‍ മെയ് 8 വരെ സമയം നല്‍കിയിരുന്നു. ശേഷിക്കുന്ന ശമ്പളം ജൂണ്‍ 30നുള്ളില്‍ ലഭിക്കണമെന്നും പൈലറ്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement