ന്യൂദല്‍ഹി: സമരത്തിലുള്ള ജീവനക്കാരുടെ പ്രതിനിധികളെ സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് മാനേജ്‌മെന്റ് ചര്‍ച്ചക്ക് വിളിച്ചു.

Subscribe Us:

തിങ്കളാഴ്ച മുംബൈയിലാണ് ചര്‍ച്ച. ഇതുസംബന്ധിച്ച കത്ത് കമ്പനി സി.ഇ.ഒ ജീവനക്കാരുടെ പ്രതിനിധികള്‍ക്ക് കൈമാറി. ശമ്പളക്കുടിശ്ശിക തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്.

Ads By Google

സെപ്റ്റംബര്‍ 28നാണ് കിങ്ഫിഷര്‍ കമ്പനി ലോക്കൗട്ട് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 12 വരെയാണ് ലോക്കൗട്ട് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് 20 വരെ നീട്ടുകയായിരുന്നു.

സമരം നിര്‍ത്തി ജോലിക്ക് തിരികെ കയറുന്നതിന് മുമ്പായി ശമ്പളക്കുടിശ്ശിക ലഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ഏഴ് മാസത്തെ ശമ്പളക്കുടിശ്ശിക തീര്‍ക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്ന നിലപാടില്‍ ജീവനക്കാര്‍ ഉറച്ച് നിന്നതോടെയാണ് മാനേജ്‌മെന്റ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

കുടിശ്ശിക തീര്‍ക്കുന്ന കാര്യത്തില്‍ കൃത്യമായ ഉറപ്പ് നല്‍കാന്‍ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒക്ടോബര്‍ നാലുമുതല്‍ കിങ്ഫിഷറിന്റെ ഒരു വിമാനങ്ങളും സര്‍വ്വീസ് നടത്തുന്നില്ല.