മുംബൈ: കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടക്കെണി വര്‍ധിച്ചതായി  വ്യോമയാനമന്ത്രി അറിയിച്ചു.ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ കിങ്ഫിഷറിന്റെ കടബാധ്യത 70 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

Ads By Google

Subscribe Us:

വിവിധ ബാങ്കുകള്‍ക്കും എയര്‍പോര്‍ട്ടിനും എണ്ണകമ്പനികള്‍ക്കുമായി 12,000 കോടിയോളം രൂപയാണ് നല്‍കാനുള്ളതെന്നും 18.60 കോടി രൂപയെങ്കിലും കമ്പനിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും കേന്ദ്രവ്യോമയാന മന്ത്രി അജിത് സിങ് അറിയിച്ചു.

വിവാദങ്ങളും പണിമുടക്കുകളും കമ്പനിയുടെ കടബാധ്യത വര്‍ധിപ്പിക്കുകയായിരുന്നു. കിങ് ഫിഷറിന്റെ ഓഹരിവില ഇന്ന് രണ്ട് ശതമാനവും,ഒരു വര്‍ഷത്തിനുള്ളില്‍ 56 ശതമാനവും താഴ്ന്നതായാണ് ഓഹരി വിപണികളില്‍ നിന്നുളള വിവരം.

ഓഹരിവിപണിയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കമ്പനികളില്‍ മൂന്നാം സ്ഥാനമാണ് ഈ കമ്പനിക്കുള്ളതെന്നും എട്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരൊറ്റതവണപോലും ലാഭമുണ്ടാക്കാന്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായിട്ടില്ലെന്നും ഓഹരിവിപണിയിലെ വിദഗ്ധര്‍ പറഞ്ഞു.