ലണ്ടന്‍ : വേഗതയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ജമൈക്കന്‍ താരമായ ഉസൈന്‍ ബോള്‍ട്ട്.  ബോള്‍ട്ടിന്റെ പരിക്കും യൊഹാന്‍ ബ്ലേക്കിന്റെ അട്ടിമറിക്കുതിപ്പുമെല്ലാം വെറും ആശങ്കകള്‍ മാത്രമാക്കി നിലനിര്‍ത്തിക്കൊണ്ട് ബോള്‍ട്ടിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. നൂറ് മീറ്റര്‍ ഓട്ടത്തില്‍ ബോള്‍ട്ട് ഇന്നലെ നേടിയത് ഒളിമ്പിക് സ്വര്‍ണം മാത്രമല്ല, പുതിയൊരു ഒളിമ്പിക് റെക്കോഡ് കൂടിയാണ്.

Ads By Google

ഇന്നലെ നടന്ന മത്സരത്തില്‍ 9.63 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ബെയ്ജിങ്ങില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ഇക്കുറി തിരുത്തിയെഴുതിയത്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു.

സീസണിലുടനീളം ഭീഷണിയുയര്‍ത്തുകയും രണ്ടുവട്ടം ബോള്‍ട്ടിനെ അട്ടിമറിച്ച് ലോകത്തെ ഞെട്ടിച്ച യൊഹാന്‍ ബ്ലേക്കിനാണ് വെള്ളി മെഡല്‍.  തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 9.75 സെക്കന്‍ഡിലാണ് ബ്ലേക്ക് ഫിനിഷ് ചെയ്തത്. സെമിഫൈനലില്‍ ഏറ്റവും മികച്ച സമയം കുറിച്ച അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റലിനാണ് വെങ്കലം. സമയം: 9.79 സെക്കന്‍ഡ്. ഗാറ്റലിന്റെ ഏറ്റവും മികച്ച സമയമാണിത്.

ഏഴാം ലെയ്‌നില്‍ രണ്ട് അമേരിക്കക്കാരായ ജസ്റ്റിന്‍ ഗാറ്റലിനും റ്യാന്‍ ബെയ്‌ലിക്കുമിടയില്‍ സ്ഥാനം പിടിച്ച ബോള്‍ട്ടിന്റെ തുടക്കം പതിവ്‌ പോലെ മന്ദഗതിയിലായിരുന്നു. എന്നാല്‍, എളുപ്പത്തില്‍ തന്നെ അഞ്ചാം ലെയ്‌നില്‍ ഉജ്വലമായി തുടങ്ങിയ യൊഹാന്‍ ബ്ലേക്കിനും ആറാം ലെയ്‌നിലെ ഗാറ്റലിനും നാലാം ലെയ്‌നിലെ ടൈസണ്‍ ഗേയ്ക്കുമൊപ്പമെത്തിയ ബോള്‍ട്ട് എളുപ്പത്തില്‍ അവരെ മറികടന്നു.

ഒടുവില്‍ ഒരു കാല്‍പ്പാടകലത്തില്‍ തന്നെ അനായാസമായി ടേപ്പ് തൊടുകയും ചെയ്തു ബോള്‍ട്ട്. 9.87 സെക്കന്‍ഡിലാണ് ബോള്‍ട്ട് സെമിയില്‍ ഓടിയത്.

ഗാറ്റലിന്റെയും ഗേയുടെയും മുന്നേറ്റത്തില്‍ നിന്നും അവസാനനിമിഷം വരെ തന്റെ ലീഡ് നിലനിര്‍ത്താന്‍ ഈ ജമൈക്കന്‍ താരത്തിനായി. സീസണിലെ തന്റെ ഏറ്റവും മികച്ച സമയമായ 9.80 സെക്കന്‍ഡില്‍ നാലാമതാണ് ഗേ ഫിനിഷ് ചെയ്തത്. അമേരിക്കയുടെ റ്യാന്‍ ബെയ്‌ലി ഏറ്റവും മികച്ച വ്യക്തിഗത സമയത്തില്‍ അഞ്ചാമനായി (9.88 സെക്കന്‍ഡ്).