പുനാക: ഭൂട്ടാനിലെ ജനപ്രിയനായ രാജാവ് ജിഗ്‌മെ ഖേസര്‍ വിവാഹിതനായി. സാധാരണ കുടുംബത്തില്‍ പിറന്ന ഇന്ത്യയില്‍ പഠിച്ച ജെസ്റ്റുന്‍ പേമ (21) ആണ് വധു. ഭൂട്ടാന്റെ രാജ്ഞി. തിംഭുവില്‍ നിന്ന് 71 കിലോമീറ്റര്‍ അകലെ ചരിത്ര പ്രാധാന്യമുള്ള നഗരമായ പുനാഖയിലെ പുരാതനമായ കോട്ടയില്‍ ബുദ്ധമതരീതിയിലായിരുന്നു വിവാഹചടങ്ങ്. ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍.കെ.വര്‍മ, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍, രാജകുടുംബാഗങ്ങള്‍ തുടങ്ങി മുന്നൂറോളം അതിഥികള്‍ വിവാഹത്തിന് സാക്ഷികളായി.

പരമ്പരാഗത രീതിയിലുള്ള വിവാഹച്ചടങ്ങ് ലളിതമായിരിരുന്നു. ഭൂട്ടാന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസ് ടിവി വിവാഹം തല്‍സമയം സംപ്രേഷണം ചെയ്തു. കനത്ത സുരക്ഷയാണ് വിവാഹത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ജാമറുകള്‍ കോട്ടയില്‍ സ്ഥാപിച്ചിരുന്നു. പ്രധാന സ്ഥലങ്ങളെല്ലാം തന്നെ പൊലീസിന്റെ നിയന്ത്രണത്തിലാണ്. വിവാഹ ആഘോഷങ്ങളോട് അനുബന്ധിച്ച് രാജ്യത്ത് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊടുംതണുപ്പിനെ അവഗണിച്ചു പുലര്‍ച്ചെ അഞ്ചുമുതല്‍ ആളുകള്‍ കൊട്ടാരത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. കൊട്ടാരത്തിലേക്ക് അധികമാര്‍ക്കും പ്രവേശനമില്ലെങ്കിലും വഴിനീളെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പാട്ടും നൃത്തവുമൊക്കെയായി ആഘോഷപൂര്‍വമാണ് വിവാഹം. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കു പരമ്പരാഗതരീതിയിലുള്ള ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. വിവാഹ ചടങ്ങിന് ശേഷം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും.

ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രാജാവായ ജിഗ്‌മെ ഖേസര്‍ പതിനേഴാം വയസില്‍ വിനോദയാത്രയ്ക്കിടെയാണ് പേമയെ ആദ്യമായി കാണുന്നത്. കഴിഞ്ഞ മെയിലായിരുന്നു വിവാഹ പ്രഖ്യാപനം. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശിലെ ലോറന്‍സ് സ്‌കൂളില്‍ നിന്ന് 2006-2008 കാലഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി പാസായ പേമ ഇപ്പോള്‍ ലണ്ടനിലെ റീജന്റ്‌സ് കോളജില്‍ വിദ്യാര്‍ത്ഥിയാണ്. 2006 ഡിസംബറില്‍ പിതാവ് ജിഗ്‌മെ സിംഗ്യെ വാങ്ചുക് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ജിഗ്‌മെ ഖേസറിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. 2008 നവംബറിലാണ് കിരീടധാരണം നടന്നത്. വാങ്ചുക് വംശത്തിലെ അഞ്ചാമത്തെ രാജാവാണ് ജിഗ്‌മെ ഖേസര്‍.