ഇത്തവണത്തെ ഓണത്തിന് മമ്മൂട്ടി ചിത്രങ്ങള്‍ തിയ്യേറ്ററുകളിലുണ്ടാവില്ല. മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും നായകന്‍മാരാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കിംഗ് ആന്റ് കമ്മീഷണര്‍ ഓണത്തിന് തിയ്യേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റീലീസിംങ് നീട്ടിയതോടെ മമ്മൂട്ടിക്ക് ഓണം റിലീസ് ഇല്ലാതായി.

രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കിംഗ് ആന്‍ഡ് കമ്മിഷണര്‍, മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൌസ് ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു തീരുമാനിച്ചത്. ഓണം-റംസാന്‍ റിലീസായി തീയേറ്ററുകള്‍ ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ താരങ്ങളുടെ തിരക്ക് കാരണം ചിത്രം പൂര്‍ത്തിയാകാന്‍ താമസിക്കുമെന്ന് വ്യക്തമായതിനാല്‍ റിലീസ് നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജി കൈലാസ് ഒരുക്കിയ മമ്മൂട്ടി ചിത്രമായ ദി കിംഗിന്റെയും സുരേഷ്‌ഗോപി നായകനായ കമ്മീഷണറുടെയും രണ്ടാം ഭാഗമായാണ് ദി കിംഗ് ആന്റ് കമ്മീഷണര്‍ ഒരുക്കുന്നത്.

ദേശീയ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇത്തവണ മമ്മൂട്ടിയുടെ ജോസഫ് അലക്‌സ്. ഡല്‍ഹി പൊലീസിലെ അതികായനായാണ് സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രന്‍ പുതിയ ചിത്രത്തില്‍ വരുന്നത്. ഇവര്‍ക്കൊപ്പം സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായി സംവൃത സുനിലും അഭിനയിക്കുന്നു.

റീമാ സെന്നാണ് നായിക. ജനാര്‍ദ്ദനന്‍, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കുന്നു. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഡല്‍ഹിയാണ്.

മോഹന്‍ലാലിന്റെ ‘പ്രണയം’, പൃഥ്വിരാജിന്റെ ഭതേജാഭായ് ആന്‍ഡ് ഫാമിലി’, ദിലീപിന്റെ ഭമിസ്റ്റര്‍ മരുമകന്‍’ തുടങ്ങിയ പ്രധാനചിത്രങ്ങളാണുള്ളത്. ജയറാം ചിത്രമായ ‘ഉലകംചുറ്റും വാലിബന്‍’, കുഞ്ചാക്കോ ബോബന്റെ ‘ഡോക്ടര്‍ ലൗ’ എന്നിവയാണ് ഓണത്തിനെത്തുന്ന പ്രധാന ചിത്രങ്ങള്‍.