ന്യൂദല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അതിക്രമങ്ങളില്‍ ഒടുക്കം മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പശുവിനോടുള്ള ആരാധനയുടെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

Subscribe Us:

പശുസംരക്ഷണത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞാണ് അദ്ദേഹം ഇതിന്റെ പേരിലുള്ള കൊലപാതകങ്ങളെ വേദനാജനകമെന്നു വിശേഷിപ്പിച്ചത്.

‘പശുക്കളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഗാന്ധിജിയും ആചാര്യയും പശുസംരക്ഷണത്തെക്കുറിച്ച് പറഞ്ഞതുപോലെ മറ്റാരും പറഞ്ഞിട്ടില്ല.’ എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം കൊലപാതകങ്ങളെ അപലപിച്ചത്.

‘ ഗോഭക്തിയുടെ പേരില്‍ ജനങ്ങളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ല. മഹാത്മാഗാന്ധി അംഗീകരിച്ച ഒന്നല്ല ഇത്.’ അഹമ്മദാബാദില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.


Must Read: അല്‍ജസീറ ബോംബിട്ട് തകര്‍ക്കാന്‍ യു.എ.ഇ കിരീടാവകാശി യു.എസിനോട് ആവശ്യപ്പെട്ടെന്ന് 2003ല്‍ പുറത്തുവന്ന വിക്കിലീക്‌സ്‌ രേഖകള്‍


‘നമ്മുടേത് അഹിംസയുടെ ഭൂമിയാണ്. മഹാത്മാഗാന്ധിയുടെ ഭൂമിയാണ്. എന്തുകൊണ്ട് നമ്മളതു മറക്കുന്നു. ഒരു സമൂഹമെന്ന നിലയില്‍ ഇവിടെ അഹിംസയ്ക്കു സ്ഥാനമില്ല. ഹിംസ ഒരിക്കലും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഈ രാജ്യത്തെ നിയമം കയ്യിലെടുക്കാന്‍ രാജ്യത്തെ ഒരു പൗരനും അധികാരമില്ല.’ എന്നും മോദി പറഞ്ഞു.

പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് മുസ്‌ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ വലിയ തോതില്‍ അതിക്രമങ്ങള്‍ നടന്നിരുന്നു. പശുവിന്റെ പേരില്‍ രാജ്യത്ത് വിവിധയിടങ്ങളിലായി 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ ഭൂരിപക്ഷവും നടന്നത് ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ വലിയ തോതില്‍ ഉയര്‍ന്നെന്നും ഇതില്‍ 97%വും മുസ്‌ലീങ്ങള്‍ക്കെതിരെയാണെന്നുമുള്ള പഠന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വിഷയത്തെ അപലപിക്കാനോ ഇതിനെതിരെ ശക്തമായ നടപടിയെടുക്കാനോ പ്രധാനമന്ത്രി തയ്യാറാവാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു.

ഇതിനു പുറമേ പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്ന ആള്‍ക്കൂട്ട ഭീകരത അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. കഴിഞ്ഞദിവസം ഇത്തരം ആക്രമണങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ഈ ഭീകരത എന്റെ പേരിലല്ല’ എന്ന പേരില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

അടുത്തിടെ മോദിയുടെ നെതര്‍ലാന്റ് സന്ദര്‍ശന വേളയില്‍ ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ മോദിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഡച്ച് പ്രധാനമന്ത്രിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കത്ത് നല്‍കിയിരുന്നു. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഈ വൈകിയ വേളയില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുന്നത്.