എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങളെ കൊന്നോളൂ, പക്ഷെ മ്യാന്‍മാറിലേക്ക് തിരിച്ചയക്കരുത്: സര്‍ക്കാരിനോട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന
എഡിറ്റര്‍
Friday 18th August 2017 5:41pm

ഹൈദരാബാദ്: മ്യാന്‍മാറിലേക്ക് തിരിച്ചു പോകുന്നതിലും നല്ലത് മരിക്കുന്നതാണെന്ന് ഇന്ത്യയില്‍ അഭയം തേടിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍. 5 വര്‍ഷത്തോളം ഇന്ത്യയില്‍ താമസിച്ച തങ്ങളെ നാടുകടത്തരുതെന്നും അല്‍പമെങ്കിലും മനുഷ്യത്വം കാണിക്കണമെന്നും ഹൈദരാബാദില്‍ പുനരധിവസിപ്പിച്ച അഭയാര്‍ത്ഥികള്‍ പറയുന്നു.

ഇന്ത്യയില്‍ ജമ്മുകശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്നത് ഹൈദരാബാദിലാണ്. ഏഴായിരത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. നഗരത്തില്‍ ചെറിയ കുടിലുകളിലും ഒറ്റമുറി വീടുകളിലുമാണ് പല കുടുംബങ്ങളും ജീവിക്കുന്നത്.


Read more:   ഫിലിപ്പിനോകള്‍ മാതൃകയാകുന്നത് അഭയര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ മാത്രമല്ല


ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യമായ മ്യാന്‍മാര്‍ ഒരിക്കല്‍ പോലും വാക്കുപാലിച്ചിട്ടില്ല. ഇത് മൂന്നാം തവണയാണ് താന്‍ അഭയാര്‍ത്ഥിയാകുന്നത്. 63 കാരനായ മുഹമ്മദ് യൂനുസ് പറയുന്നു. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമാണ് യൂനുസ് ഇവിടെ ക്യാമ്പില്‍ കഴിയുന്നത്. സംസാരിക്കുന്നതിനിടെ മ്യാന്‍മാര്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചതിന്റെ പാട് അദ്ദേഹം കാണിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ പോയിട്ടാണ് ശരീരത്തിലേറ്റ ബുള്ളറ്റ് പുറത്തെടുത്തതെന്നും യൂനുസ് പറയുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന് വേണമെങ്കില്‍ ഞങ്ങളെ നാടുകടത്താം, പക്ഷെ അതിലും നല്ലത് ഞങ്ങളെ കൊല്ലുന്നതാണ്. മറ്റൊരഭയാര്‍ത്തിയായ അബ്ദുള്‍ റഹീം പറയുന്നു.

 

അര്‍കാന്‍ (രാഖിന്‍) സ്വദേശിയായിരുന്ന റഹീമിന്റെ ഭൂമിയും വസ്തുക്കളുമെല്ലാം സൈന്യം പിടിച്ചെടുത്തു. ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടയില്‍ തന്റെ രണ്ടു സഹോദരങ്ങള്‍ ബംഗ്ലാദേശിലേക്കും താന്‍ ഇന്ത്യയിലും എത്തിപ്പെട്ടെന്ന് റഹീം പറയുന്നു.


Also read:  ആ തോണി മനുഷ്യര്‍ നടുക്കടലിലേക്ക് ഇറങ്ങിത്തിരിച്ചത്…


എങ്ങനെയാണ് ഇന്ത്യയുടെ അഭ്യന്തര സുരക്ഷയ്ക്ക് തങ്ങള്‍ ഭീഷണിയാകുന്നതെന്നാണ് ഇവിടത്തെ അഭയാര്‍ത്ഥികള്‍ ചോദിക്കുന്നത്.

ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ സ്വന്തം രാജ്യം വിട്ടത്. അപ്പോള്‍ അഭയം തന്ന ഇന്ത്യയില്‍ കുഴപ്പം ഉണ്ടാക്കാന്‍ എങ്ങനെയാണ് ഞങ്ങള്‍ക്ക് സാധിക്കുക ? ഭാര്യയും മൂന്നു മക്കളുമുള്ള മുഹമ്മദ് ത്വാഹ ചോദിക്കുന്നു.

Advertisement