courtകൊച്ചി: കിളിരൂര്‍ പീഡനക്കേസ് വിചാരണ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി അടുത്തമാസം 18ലേക്ക് മാറ്റി. കേസിലെ മുഖ്യപ്രതി കോട്ടയം മല്ലപ്പള്ളി കല്ലൂപ്പാറ കുന്തലവീട്ടില്‍ ലതാ നായരടക്കം എട്ട് പ്രതികളാണ് വിചാരണ നേരിടുന്നത്.. കഴിഞ്ഞ ജൂലൈ 19ന് കോടതി പ്രതികള്‍ക്കെതിരെ കുറ്റപത്രം വായിച്ചിരുന്നു. എന്നാല്‍, ഇവര്‍ കുറ്റം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് സാക്ഷി വിസ്താരം തുടങ്ങാന്‍ കോടതി തീരുമാനിച്ചത്. എന്നാല്‍ കേസ് പരിഗണിച്ച കോടതി വിചാരണ നീട്ടുകയായിരുന്നു.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ഉന്നത സ്വാധീനത്താല്‍ അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ രാഷ്ട്രീയവ്യവസായമാധ്യമ മേഖലകളിലെ ഉന്നതരും ബന്ധുക്കളുമുണ്ടെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും സി.ബി.ഐ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്താനായില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണത്തെത്തുടര്‍ന്ന് രണ്ടുതവണ അന്വേഷണം നടത്തിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

സീരിയലില്‍ അവസരം വാഗ്ദാനം നല്‍കി 2003 ആഗസ്റ്റിലാണ് കോട്ടയം കിളിരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ലതാനായര്‍ വിവിധ ഇടങ്ങളിലെത്തിച്ച് പലര്‍ക്കായി കാഴ്ചവെച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി പിന്നീട് ഗര്‍ഭിണിയാവുകയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയശേഷം മരിക്കുകയും ചെയ്തു.

ലതാനായര്‍ക്ക് പുറമെ ഗുരുവായൂരിലെ ബസ് കണ്ടക്ടര്‍മാരായിരുന്ന ചേര്‍ത്തല സ്വദേശി പ്രവീണ്‍, തിരുവാങ്കുളം സ്വദേശി മനോജ്, നാട്ടകം തെക്കെചിറയില്‍ കൊച്ചുമോന്‍ എന്ന ബിനു, എരൂര്‍ സ്വദേശി പ്രശാന്ത്, കുമളി തയ്യില്‍ വീട്ടില്‍ സോമനാഥന്‍ എന്നിവരാണ് വിചാരണ നേരിടുന്നത്. ലതാനായരെ സംരക്ഷിച്ച കുറ്റത്തിന് തിരുവാര്‍പ്പ് മീന്‍ചിറ വല്യാറവീട്ടില്‍ ദേവദാസ്, ദേവികുളം വാളറ കലക്ടര്‍ ലത്തീഫ് എന്ന അബ്ദുല്ലത്തീഫ് എന്നിവരും കോടതി നടപടികള്‍ നേരിടുന്നുണ്ട്.