Administrator
Administrator
കിളിരൂര്‍ കേസ്: പുനരന്വേഷണ ഹരജി തള്ളി
Administrator
Thursday 29th December 2011 11:30am

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി കോടതി തള്ളി. പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിച്ചത്. ശാരിയുടെ പിതാവ് സുരേന്ദ്രനും അഭിഭാഷകനായ നെയ്യാറ്റിന്‍കര പി. നാഗരാജനും  നല്‍കിയ ഹരജിയാണ്  തള്ളിയത്. കേസില്‍ സി.ബി.ഐ നടത്തിയത് സ്മഗ്രമായ അന്വേഷണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ പിഴവുകളുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇരുവരുടേയും വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ശാരിയുടെ പിതാവ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു.

ശാരിയുടെ മരണത്തെക്കുറിച്ചും വി.ഐ.പിയുടെ പങ്കിനെക്കുറിച്ചും പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ശാരിയുടെ മാതാപിതാക്കള്‍ ഹരജി നല്‍കിയത്. സി.ബി.ഐ ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ഹരജിയില്‍ പറയുന്നു. ശാരിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സി.ബി.ഐയുടെ അന്വേഷണത്തില്‍ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ശാരിയെ മാതാ ആശുപത്രിയില്‍ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയില്‍ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശ്രീലേഖ കേസന്വേഷണം നടത്തവെ തന്നെ ഈ കേസില്‍ പങ്കുണ്ടെന്ന് ആരോപണവിധേയനായ തോമസ് ചാണ്ടി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഒരു സംഘടന മികച്ച പോലീസ് ഓഫീസര്‍ക്ക് നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ കുവൈത്തില്‍ പോയിരുന്നു. ഇതിനെക്കുറിച്ചും സി.ബി.ഐ അന്വേഷിച്ചിട്ടിട്ടില്ല. കേസില്‍ ആരോപണവിധേയനായ തോമസ് ചാണ്ടിയുടെ പങ്കും സി.ബി.ഐ അന്വേഷിച്ചില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു. നേരത്തെ പലതവണ കോടതി ഈ ഹരജി പരിഗണിച്ചെങ്കിലും അന്തിമവിധി പറയുന്നതിനായി മാറ്റിവെക്കുകയായിരുന്നു.

Malayalam news

Kerala news in English

Advertisement