Categories

കിളിരൂര്‍കേസ്: സി.ബി.ഐക്ക് കൂടുതലൊന്നും കണ്ടെത്താനായില്ലെന്ന് കോടതി

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പോലീസ് കണ്ടെത്തിയതിനേക്കാള്‍ കൂടുതലൊന്നും സി.ബി.ഐക്ക് കണ്ടെത്താനായില്ലെന്ന് കോടതി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് ഈ പരാമര്‍ശം നടത്തിയത്. ലോക്കല്‍ പോലീസ്, ക്രൈംബ്രാഞ്ച് എന്നിവരുടെ നിരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് സി.ബി.ഐ ചെയ്തിട്ടുള്ളതെന്നും കോടതി വിലയിരുത്തി.

കിളിരൂര്‍ കേസില്‍ വി.ഐ.പിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് സി.ബി.ഐ സംഘം കോടതിയില്‍ അറിയിച്ചു. കേസ് വിധിപറയുന്നതിനായി 22ലേക്ക് മാറ്റി.

കിളിരൂര്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹരജി പരിശോധിക്കുകയായിരുന്നു കോടതി.ശാരിയുടെ മരണത്തെക്കുറിച്ചും വി.ഐ.പിയുടെ പങ്കിനെക്കുറിച്ചും പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ശാരിയുടെ മാതാപിതാക്കള്‍ ഹരജി നല്‍കിയത്. സി.ബി.ഐ ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ഹരജിയില്‍ പറയുന്നു. ശാരിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സി.ബി.ഐയുടെ അന്വേഷണത്തില്‍ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ശാരിയെ മാതാ ആശുപത്രിയില്‍ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയില്‍ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല.

ശ്രീലേഖ കേസന്വേഷണം നടത്തവെ തന്നെ ഈ കേസില്‍ പങ്കുണ്ടെന്ന് ആരോപണവിധേയനായ തോമസ് ചാണ്ടി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഒരു സംഘടന മികച്ച പോലീസ് ഓഫീസര്‍ക്ക് നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ കുവൈത്തില്‍ പോയിരുന്നു. ഇതിനെക്കുറിച്ചും സി.ബി.ഐ അന്വേഷിച്ചിട്ടിട്ടില്ല. കേസില്‍ ആരോപണവിധേയനായ തോമസ് ചാണ്ടിയുടെ പങ്കും സി.ബി.ഐ അന്വേഷിച്ചില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.