Administrator
Administrator
കിളിരൂര്‍ കേസ്: പ്രതികള്‍ക്ക് 10വര്‍ഷം കഠിനതടവ്
Administrator
Wednesday 8th February 2012 11:17am

തിരുവനന്തപുരം: കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും പതിനായിരും രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ആലപ്പുഴ സ്വദേശിയും ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീണ്‍, എറണാകുളം സ്വദേശി മനോജ്, മല്ലപ്പള്ളി സ്വദേശിനി ലതാനായര്‍, നാട്ടകം സ്വദേശി ബിനു എന്ന കൊച്ചുമോന്‍, തൃപ്പുണിത്തുറ സ്വദേശി പ്രശാന്ത് എന്നിവര്‍ക്കാണ് കോടതി ശിക്ഷവിധിച്ചത്. ഗൂഢാലോചന, കൂട്ടബലാല്‍ത്സംഗം എന്നീ കേസുകളിലാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

അഞ്ചാം പ്രതിയായ കൊച്ചുമോന് ഗൂഢാലോചന നടത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ എന്ന വകുപ്പ് കൂടി ചേര്‍ത്ത് അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷകൂടി വിധിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് കേസുകളിലായി കൊച്ചുമോന്‍ 45,000 രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പ്രതികളില്‍ നിന്നും ഈടാക്കുന്ന പിഴ ശാരിയുടെ അച്ഛനും അമ്മയ്ക്കും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ ഒന്നാം പ്രതിയായ ഓമനക്കുട്ടിയെ സി.ബി.ഐ മാപ്പുസാക്ഷിയാക്കിയിരുന്നു. ഏഴാം പ്രതിയായ കണ്ണൂര്‍ സ്വദേശി സോമനെ തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെവിടുകയും ചെയ്തിരുന്നു. ഓമനക്കുട്ടിയുടെ മൊഴിയെ വിശ്വാസത്തിലെടുത്താണ് പ്രതികളെ ശിക്ഷിക്കുന്നതെന്ന് കോടതി പറഞ്ഞു.

കോടതി വിധിയില്‍ തൃപ്തരാണെന്ന് വിധി പ്രസ്താവന കേട്ടശേഷം പബ്ലിക് പ്രോസിക്യൂട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചു. ഒരു പ്രതിയെ വെറുതെ വിട്ടിട്ടുണ്ട്. അതിനെതിരെ എന്ത് ചെയ്യണമെന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ശിക്ഷാവിധിയില്‍ തൃപ്തനാണെന്ന് ശാരിയുടെ പിതാവ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. ഈ കേസിലുള്‍പ്പെട്ട നിരവധി പേര്‍ പുറത്തുണ്ട്. അവരെ ശിക്ഷിക്കുന്നതിനായി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. തന്റെ മകള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി മരണം വരെ പോരാടുമെന്നും സുരേന്ദ്രന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ നാലുമാസക്കാലമായി നീണ്ടുനിന്ന വിസ്താരത്തിനൊടുവിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്. ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസും പിന്നീട് െ്രെകംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐ.യുമാണ് കേസ് അന്വേഷിച്ചത്. 2011 ഒക്ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 67 സാക്ഷികളെ വിസ്തരിച്ചു. 48 രേഖകള്‍ ഹാജരാക്കി.

കിളിരൂര്‍ കേസ്:

കിളിരൂര്‍ സ്വദേശിയായ ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗര്‍ഭിണിയായ പെണ്‍കുട്ടി 2004 ആഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവശേഷം അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

പ്രവീണ്‍, മനോജ്, ലതാനായര്‍, കൊച്ചുമോന്‍, പ്രശാന്ത് , സോമന്‍ എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍.

ശാരിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍കൊണ്ട് കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാരി മരിച്ച സംഭവത്തില്‍ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയോടെയാണ് കേസ് ശ്രദ്ധിക്കപ്പെട്ടത്. ശാരിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം കൂടുതലുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടും സംശയം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ശാരിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സി.ബി.ഐയുടെ അന്വേഷണത്തില്‍ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ശാരിയെ മാതാ ആശുപത്രിയില്‍ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയില്‍ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കേസില്‍ ഏതെങ്കിലും വി.ഐ.പി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമര്‍ശവും കുറ്റപത്രത്തിലില്ലെന്ന് പറഞ്ഞ് ഈ ആവശ്യം സി.ബി.ഐ കോടതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

സി.ബി.ഐ കോടതിയില്‍ വിചാരണക്കിടെ മജിസ്‌ട്രേറ്റ് എടുത്ത ശാരിയുടെ മൊഴിയും ശാരി മരിക്കുന്നതിന് തൊട്ട് മുന്‍പ് ഐ.ജി ശ്രീലേഖയെടുത്ത മൊഴിയും തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഒന്നാം പ്രതിയും മാപ്പുസാക്ഷിയുമായ ഓമനക്കുട്ടിയുടെ മൊഴി മാത്രമാണ് പ്രതികള്‍ക്കെതിരെയുണ്ടായിരുന്നത്.

Malayalam News

Kerala News In English

Advertisement