ജമൈക്ക: വിന്‍ഡീസിന്റെ സൂപ്പര്‍താരങ്ങളിലൊരാളാണ് കീറണ്‍ പൊള്ളാര്‍ഡ്. കളിക്കളത്തിലെ പ്രകടനത്തിനു പുറമെ കളിയിലെ മാന്യതയുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുള്ള താരം കരീബിയന്‍ പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ ദിവസത്തെ പ്രകടനത്തിന്റെ പേരിലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.


Also Read ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തട്ടിയെടുത്ത കൊപ്പലാശാനും ജംഷഡ്പൂര്‍ എഫ്.സിക്കും മഞ്ഞപ്പടയുടെ എട്ടിന്റെ പണി


കരീബിയന്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ നിര്‍ണ്ണായക നിമിഷത്തില്‍ എതിര്‍ ടീം ബാറ്റ്‌സ്മാനെ മങ്കാദ് രീതിയില്‍ പുറത്താക്കാനുള്ള അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാതിരുന്ന താരം ആരാധകരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.

ഗയാന ആമസോണ്‍ വാരിയേഴ്സിനെതിരായ മത്സരത്തിലായിരുന്നു പൊള്ളാര്‍ഡ് ക്രീസ് വിട്ടിറങ്ങിയ ബാറ്റ്‌സ്മാന് വീണ്ടും ഒരവസരം കൂടി നല്‍കിയത്. മത്സരത്തിലെ പത്തൊമ്പതാം ഓവറിലായിരുന്നു സംഭവം. കീമോ പോളിനെതിരെ പന്ത് എറിയാനായി പൊള്ളാര്‍ഡ് ഓടിയെത്തുമ്പോഴേക്കും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന അസാദ് ഫുദാദിന്‍ ക്രീസ് വിട്ടിറങ്ങിയിരുന്നു.

ബെയ്ല്‍സ് തെറിപ്പിച്ച് താരത്തെ പുറത്താക്കാനുള്ള അവസരം ഉണ്ടായിട്ടും അതിനുമുതിരാതെ ബാറ്റ്‌സ്മാന് അവസരം നല്‍കിയ താരം തിരിഞ്ഞു നടക്കുകയായിരുന്നു. ബാറ്റ്‌സ്മാന്‍ ക്രീസിലില്ലാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് പൊള്ളാര്‍ഡ് മടങ്ങിയത്.

നിര്‍ണ്ണായക വിക്കറ്റ് നഷ്ടമായതിനു പുറമെ പൊള്ളാര്‍ഡിന്റെ ടീം അവസാന ഓവറില്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ കളിക്കളത്തിലെ മാന്യത കൊണ്ട് താരവും ടീമും ആരാധകരുടെ മനസ്സില്‍ വിജയിക്കുകയാണുണ്ടായത്.