റാഞ്ചി: പരീക്ഷയ്ക്ക് തോല്‍ക്കുന്നവര്‍ പരീക്ഷ നടത്തിയവരെയും അധ്യാപകരെയും കുറ്റപ്പെടുത്തുന്നത് സാധാരണമാണ്. എന്നാല്‍ ഒരു വിദ്യാഭ്യാസ മന്ത്രി ഒരിക്കലും അങ്ങനെ ചെയ്തതായി കേട്ടിട്ടില്ല.

എന്നാല്‍ അങ്ങനെയൊരു കുറ്റംചാര്‍ത്തല്‍ നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ബൈദ്യനാഥ് റാം. തന്റെ മക്കള്‍ രണ്ടാം തവണയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ തോറ്റതാണ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ മന്ത്രിയെ നിര്‍ബന്ധിതനാക്കിയത്.

പരീക്ഷ നടത്തുന്ന ജാര്‍ഖണ്ഡ് അക്കാദമിക് കൗണ്‍സില്‍ മേധാവി ലക്ഷ്മി സിംഗിനെ പുറത്താക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ആവശ്യം. തന്റെ ആവശ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടെയ്ക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന റാമിന്റെ ഭീഷണിയുമുണ്ട് കത്തില്‍.

സംഭവം ഇങ്ങനെ: വിദ്യാഭ്യാസ മന്ത്രിയുടെ മക്കളായ പൂനംകുമാരിയും പ്രഭാത് കുമാറും രണ്ടാം തവണയും 12ാംക്ലാസ് പരീക്ഷ തോറ്റു. വൈദ്യനാഥിന് ഇത് അഭിമാന പ്രശ്‌നമായി. അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി- ‘ എന്റെ മക്കളെ പരീക്ഷയില്‍ പാസാക്കാതിരിക്കാന്‍ വേണ്ടി അവരുടെ പേപ്പര്‍ മൂന്ന് പ്രാവശ്യം വ്യത്യസ്തരായ പരിശോധകര്‍ മൂല്യനിര്‍ണയം നടത്തിയതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ജെ.എ.സി ചെയര്‍പേഴ്‌സണിന്റെ നിര്‍ദേശപ്രകാരമാണിത് ചെയ്തത്’ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇത് തെളിയിക്കാന്‍ തന്റെ കൈയ്യില്‍ ശക്തമായ തെളിവുകളുണ്ടെന്നും റാം വ്യക്തമാക്കി. ജെ.എ.സി വെബ്‌സൈറ്റിലെ റിസല്‍ട്ട് പ്രകാരം പൂനത്തിന് 500ല്‍ 240 മാര്‍ക്കും, പ്രഭാതിന് 183മാര്‍ക്കുമാണ് ലഭിച്ചിട്ടുള്ളത്. രണ്ടുപേരും ഇംഗ്ലീഷിലാണ് പരാജയപ്പെട്ടത്.

ഡരണ്ട കോളേജിലെ കൊമേഴ്‌സ് വിദ്യാര്‍ത്ഥികളായ ഇരുവരും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചിരിക്കുകയാണിപ്പോള്‍.

ജാര്‍ഖണ്ഡ് അക്കാദമിക് കൗണ്‍സിലിന്റെ മേധാവി ലക്ഷ്മി സിംഗ് കുറച്ചുകാലം മുമ്പ് സംസ്ഥാന ചീഫ് സെക്രട്ടറിയായും ജാര്‍ഖണ്ഡ് വനിതാ കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചയാളാണ്.