തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സംഘടനയുമായി തിങ്കളാഴ്ച നടത്തുമെന്നറിയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കാതെ സമരവുമായി മുന്നോട്ടുപോകുന്ന ഡോക്ടര്‍മാരുടെ നിലപാടിനോടുള്ള അതൃപ്തിയാണ് സര്‍ക്കാരിന്റെ പിന്മാറ്റത്തിന് പിന്നില്‍. ഞായറാഴ്ച നടന്ന ചര്‍ച്ചയ്ക്കുശേഷം കെ.ജി.എം.ഒ.എ നേതാക്കള്‍ നടത്തിയ പരസ്യപ്രസ്താവനകളും സര്‍ക്കാരിനെ പ്രോകോപിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനകാര്യ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചയുടെ സമയവും മറ്റും ഡോക്ടര്‍മാരെ അറിയിച്ചിരുന്നില്ല. സര്‍ക്കാര്‍ തീരുമാനിച്ച പ്രകാരം ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച വൈകുന്നേരം വരെ ഡോക്ടര്‍മാര്‍ കാത്തിരുന്നെങ്കില്‍ ചര്‍ച്ചയില്‍ നിന്നും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പിന്മാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ മുഖ്യമന്ത്രി ഡല്‍ഹിക്കു പോകുന്നതിനാല്‍ അതിനു മുമ്പ് ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

മുന്‍സര്‍ക്കാര്‍ അനുവദിച്ച സ്‌പെഷ്യല്‍ പേ അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ സ്‌പെഷ്യാലിറ്റി ഒ.പി കള്‍ ബഹിഷ്‌കരിക്കുകയും സ്വകാര്യപ്രാക്ടീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പരിഹാരം കണ്ടില്ലെങ്കില്‍ ജൂലായ് 30 മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കെ.ജി.എം.ഒ.എ.

ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ മുഖം തിരിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കെ. ജി.എം.ഒ.എ .സംസ്ഥാനകമ്മിറ്റി അറിയിച്ചു. സര്‍ക്കാരിന്റെ ആവശ്യപ്രകാരം രണ്ടു മാസത്തിനുള്ളില്‍ മൂന്നു പ്രാവശ്യം സമരം മാറ്റിവെച്ചത് ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ സൗമ്യമായി പരിഹരിക്കണമെന്ന കെ.ജി.എം.ഒ.എ. നിലപാടിന് തെളിവാണെന്നും നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ കാണിക്കുന്ന അവഗണന കേരളത്തിലെ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആരോഗ്യ രംഗം കലുഷിതമാക്കാന്‍ മാത്രമേ ഉപകരിക്കുവെന്നും അവര്‍ പറഞ്ഞു.