stethoscope-rwതിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം പുതുക്കി നിശ്ചയിച്ചതും സ്വകാര്യ പ്രക്ടീസ് നിരോധിച്ച നടപടിയും സംബന്ധിച്ച് സര്‍ക്കാരിന്റെ പുതിയ തീരുമാനം കെ.ജി.എം.സി.ടി.എ (KGMCTA) ഉപാധികളോടെ അംഗീകരിച്ചു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ മൂന്നാഴ്ചക്കുള്ളില്‍ പരിഹരിക്കണമെന്ന് കെ.ജി.എം.സി.ടി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സ്വകാര്യ പ്രാക്ടീസ് നിരോധിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആയതിനാല്‍ ഇടപെടുന്നില്ലെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്. മെഡിക്കല്‍ കോളജ് അദ്ധ്യാപകരുടെ ഡ്യൂട്ടി സമയം പരിഷ്‌കരിച്ചത് ഉപാധികളോടെ അംഗീകരിക്കുന്നു.ശമ്പള പരിഷ്‌കരണത്തിലെ അപകാതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് മൂന്നാഴ്ചത്തെ സമയം നല്‍കുന്നതായും കെജിഎംസിടിഎ ഭാരവാഹികള്‍ പറഞ്ഞു.
ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ കെ.ജി.എം.സി.ടി.എ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഉപാധികളോടെ അംഗീകരിക്കാന്‍ തീരുമാനിച്ചത്.

നേരത്തേ കെ.ജി.എം.സി.ടി.എ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ആരോഗ്യമന്ത്രി സ്വകാര്യപ്രാക്ടീസ് നിരോധനത്തില്‍ ഒരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരുന്നു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പുനരാലോചനയാകാമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് കെജിഎംസിടിഎ യോഗം ചേര്‍ന്ന് തീരുമാനം എടുത്തത്.