കൊച്ചി: കെ.ജി.ബി വിഷയത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച മൗനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പ്രമുഖ നിയമഞ്ജന്‍ വി.ആര്‍ കൃഷ്ണയ്യര്‍. വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തയക്കാതിരുന്നത് ജസ്റ്റിസ് വി ഗിരി ആവശ്യപ്പെട്ടിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ കൃഷ്ണയ്യരുടെ പ്രസ്താവനക്കെതിരേ ജസ്റ്റിസ് ഗിരി രംഗത്തെത്തി. പ്രധാനമന്ത്രിക്ക് കത്തയക്കരുതെന്ന് താന്‍ കൃഷ്ണയ്യരോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗിരി അഭിപ്രായപ്പെടുന്നത്. തന്നെക്കുറിച്ച് കൃഷ്ണയ്യര്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും വിഷയത്തില്‍ കൂടുതല്‍ വിവാദത്തിനില്ലെന്നും ഗിരി വ്യക്തമാക്കി.

കെ.ജി.ബി വിഷയത്തില്‍ കൃഷ്ണയ്യര്‍ പറഞ്ഞത്
ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും അപമാനമുണ്ടാക്കുന്നതാണെന്നും ഇത് മൂന്ന് ജുഡീഷ്യല്‍ പാനലുകള്‍ അന്വേഷിക്കണമെന്നുമായിരുന്നു കൃഷ്ണയ്യര്‍ പറഞ്ഞത്.

കെ ജി ബാലകൃഷ്ണന്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായപ്പോള്‍ ബാലകൃഷ്ണന്റെ യുഗം എന്നായിരുന്നു താന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇന്ന് അങ്ങനെ പറയാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളത്. താനും ജഡ്ജിയായതില്‍ ഖേദിക്കുന്നുവെന്നും വിഷയത്തില്‍ അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ടെന്നും കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടിരുന്നു.