ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീം കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കെ.ജി.ബിക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് അറ്റോര്‍ണി ജനറല്‍ മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം കെ.ജി.ബിക്കെതിരെ പരാതി നല്‍കിയ മനോഹര്‍ലാല്‍ ശര്‍മ്മ ഇന്ന് മറ്റൊരു സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. കെ.ജി.ബിയുടെയും മരുമക്കളുടെയും സ്വത്തുക്കള്‍ സംബന്ധിച്ച വിവരമാണ് സമര്‍പ്പിച്ചത്. കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ജുഢീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കെ.ജി. ബാലകൃഷ്ണനെതിരെ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ദല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ 2010 മെയ് അഞ്ചിന് സമര്‍പ്പിച്ച പരാതിയില്‍ എന്തു നടപടിയുണ്ടായെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഉപരാഷ്ട്രപതിക്കാണ് ഈ പരാതി നല്‍കിയതെന്നും ഉപരാഷ്ട്രപതി ഈ പരാതി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരുന്നുവെന്നും എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.