ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരെ ജസ്റ്റീസുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ വിമര്‍ശനവുമായി ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍. വാര്‍ത്താസമ്മേളനം നടത്തി വിവാദം സൃഷ്ടിക്കേണ്ട കാര്യങ്ങളല്ല.

കോടതിയില്‍ നടന്ന ഇന്നത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഇന്നത്തെ സംഭവം.

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്കെതിരെ ജനങ്ങളില്‍ സംശയം ഉണ്ടാക്കാന്‍ മാത്രമേ ജഡ്ജിമാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂവെന്ന് കെ.ജി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കുറച്ചുകാലങ്ങളായി സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ജസ്റ്റീസുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ജസ്റ്റീസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നീ ജഡ്ജിമാര്‍ ചേര്‍ന്നാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

പലപ്പോഴും സുപ്രീംകോടതിക്കുള്ളിലെ നിയമസംവിധാനങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഒരു കോടതിക്കുള്ളില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നുകൊണ്ടിരിക്കുന്നത്.

മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയില്‍ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത് എന്നായിരുന്നു ജസ്റ്റീസുമാര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.