കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങിയ കെന്റകി ഫ്രൈഡ് ചിക്കന്‍(കെ.എഫ്.സി) ഭക്ഷണ മാലിന്യം റോഡരികില്‍ കള്ളി. രോഷാകുലരായ നാട്ടുകാര്‍ മാലിന്യം ലോറിയില്‍ കയറ്റി റസ്‌റ്റോറന്റിന് മുന്നില്‍ തിരിച്ചു തള്ളി. സംഭവത്തെ തുടര്‍ന്ന് കെ.എഫ്.സി റസ്‌റ്റോറന്റിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

മാലിന്യങ്ങള്‍ റോഡരികില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് റസ്‌റ്റോറന്റിന് മുന്നില്‍ തിരിച്ച് കൊണ്ടിട്ട് പ്രതിഷേധിക്കുകയായിരുന്നു. പുതുതായി തുറന്ന റസ്‌റ്റോറന്റിലെ മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി പലയിടങ്ങളിലായി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ പ്രദേശവാസികളും കൗണ്‍സിലര്‍മാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് മാലിന്യങ്ങള്‍ ടിപ്പര്‍ലോറികളിലാക്കി റസ്‌റ്റോറന്റിന് മുന്നില്‍ കൊണ്ടുപോയിടുകയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും മറ്റും പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നഗരസഭാ അധികൃതര്‍ നടപടി സ്വീകരിച്ചത്.

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വെസ്റ്റ്ഹില്‍ മുതല്‍ കക്കോടി വരെ വിവിധ സ്ഥലങ്ങളിലായാണ് മാലിന്യം നിക്ഷേപിച്ചത്. കെ.എഫ്.സിയുടെ പേര് വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു മാലിന്യങ്ങള്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മാലിന്യം വാഹനത്തില്‍ കയറ്റി കെ.എഫ്.സിക്ക് മുമ്പില്‍കൊണ്ടിടുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപെട്ടെങ്കിലും പരിഹരിക്കാനായില്ല.  എന്നാല്‍ വൈകീട്ട് വീണ്ടും നടന്ന ചര്‍ച്ചക്കൊടുലവിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മാലിന്യം തിരികെയെടുക്കാമെന്നും സംസ്‌കരണത്തിന് ഏല്‍പ്പിച്ച കരാറുകാരനെതിരെ നടപടിക്ക് സഹകരിക്കാമെന്നും റസ്റ്റോറന്റ് മാനേജര്‍ അറിയിക്കുകയായിരുന്നു.