റിയാദ്: പ്രവാസത്തിന്റെ നേര്‍കാഴ്ചയുമായി റിയാദിലെ ഒരു കൂട്ടം കലാകാരന്മാര്‍. പ്രവാസത്തിന്റെ മരുപ്പച്ചയില്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള കഠിന പരിശ്രമത്തിനിടെ ദുരിതങ്ങളിലും വേദനകളിലും പെട്ട് അലയുന്നവരുടെ അനുഭവ നേര്‍ക്കാഴ്ചയുമായി കേഴും പ്രവാസം എന്ന പേരില്‍ ടെലിഫിലിം ഒരുങ്ങുന്നു.

Subscribe Us:

ഋഥ്വി പ്രസന്റിന്റെ ബാനറില്‍ രവി റാഫിയും ഷാരോണ്‍ ഷരീഫും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച കേഴും പ്രവാസത്തിന്റെ സംഗീത ആല്‍ബം ഏഴിന് പ്രദര്‍ശിപ്പിക്കും. റിയാദ് അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാത്രി 7.30ന് നടക്കുന്ന ആദ്യപ്രദര്‍ശനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

ഷാരോണ്‍ ഷരീഫ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ടെലിഫിലിം പ്രവാസ ലോകത്തെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്കു നേരെയുള്ള കണ്ണാടിയാണ്. രവി റാഫി തിരക്കഥയും ഗാനരചനയും നിര്‍വഹിച്ചു. കലാഭവന്‍ ഗോപകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ടെലിഫിലിം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതീക്ഷകള്‍ക്കു വിപരീതമായി ജീവിതം മാറിമറിയുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളോട് പൊരുതേണ്ടിവരുന്ന പ്രവാസിയുടെ ജീവിതമാണ് കേഴും പ്രവാസമെന്ന് ഷാരോണ്‍ ശരീഫ് പറഞ്ഞു. ഗോപകുമാറാണ് കാമറ.

സംഗീത ആല്‍ബത്തിന്റെ സിഡി എന്‍ആര്‍കെ ചെയര്‍മാന്‍ അഷ്റഫ് വടക്കേവിള സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജോസഫ് അതിരിങ്കലിനു കൈമാറി പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ രവി റാഫി, ഷാരോണ്‍ ഷെരിഫ്, അസീസ് മാവൂര്‍, ഹനീഫ അക്കാരിയ, ജലീല്‍, സജി കൊല്ലം പങ്കെടുത്തു. അര്‍ബുദ രോഗിയുടെ ജീവിതം വരച്ചുകാട്ടുന്ന മുമ്പേ പറക്കുന്ന പക്ഷികള്‍ എന്ന ആല്‍ബത്തിന്റെ പ്രവര്‍ത്തികള്‍ നടന്നുവരുകയാണ്.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്