Categories

ടി.പി വധം മുഖ്യപ്രതി ടി.കെ രജീഷ് അറസ്റ്റില്‍

T K Rajeesh key convict of T P Chandrasekharan's murder caseകോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടി.കെ രജീഷ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ വെച്ചാണ് രജീഷിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ അറസ്റ്റ് കേസന്വേഷണത്തിലെ സുപ്രധാനമായ വഴിത്തിരിവാണ്.

ടി.കെ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി.കെ രജീഷ് കൊലയാളി സംഘത്തിലെ പ്രധാനിയാണ്. കൊലയാളിസംഘത്തെ കൊടി സുനിയുമായി ഏകോപിപ്പിച്ചതും രജീഷാണ്. കണ്ണൂര്‍ പൊന്ന്യം സ്വദേശിയായ രജീഷ് ടി.പി ചന്ദ്രശേഖരനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതിലെ പ്രധാനകണ്ണി കൂടിയാണ്.

വധക്കേസിലെ മുഖ്യസൂത്രധാരന്‍ കൂടിയായ രജീഷ് ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ അണ്ണന്‍ സിജിത്ത്, അനൂപ് എന്നിവരുടെ കൂടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. വധത്തിന് ശേഷം കൂത്തുപറമ്പിലെത്തിയ രജീഷ് അന്ന് അവിടെ തങ്ങുകയും തുടര്‍ന്ന് മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ഇത്തരം കൃത്യങ്ങള്‍ ചെയ്യാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കുകയും സംഭവം കഴിഞ്ഞാല്‍ തിരിച്ച് മഹാരാഷ്ട്രയിലെ തന്റെ താവളത്തിലേക്ക് മടങ്ങാറുമാണ് പതിവ്.

രജീഷിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്ന് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരിന്നു. അവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്.

അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതില്‍ നേരിയ തടസ്സം നേരിട്ടിരിക്കേ, രജീഷിനെ പിടികൂടാന്‍ കഴിഞ്ഞതു വരുംദിവസങ്ങളില്‍ ടി.പി വധവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കു വഴിയൊരുക്കും. വധത്തിനു പിന്നിലെ ഉന്നതരുടെ പേരുകള്‍ പുറത്തു വരാമെന്നു മാത്രമല്ല, മുന്‍കാലങ്ങളില്‍ ടി.കെ. രജീഷ് ഉള്‍പ്പെട്ടതും യഥാര്‍ഥ പ്രതികളെ കിട്ടാത്തതുമായ രാഷ്ട്രീയ കൊലപാതകങ്ങളുടെ യഥാര്‍ഥ ചിത്രവും തെളിയും.

ടി.പിയെ വധിച്ച ശേഷം ഒരു ദിവസം കൂത്തുപറമ്പ് ലിന്‍ഡാസ് ഹോട്ടലില്‍ തങ്ങിയ രജീഷും അക്രമി സംഘത്തിലെ എം.സി. അനൂപും ടാറ്റാ സുമോ വാഹനത്തില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മൈസൂര്‍ വഴി മുംബൈയിലേക്കു കടക്കുകയായിരുന്നു. മുംബൈയില്‍നിന്നു പൂനെയിലേക്കു പോയെങ്കിലും പണം സംഘടിപ്പിക്കാനായി തിരികെ മുംബൈയിലെത്തി. കപ്പല്‍ ജീവനക്കാരനായ പ്രമോദ് ആയിരിക്കാം പണം നല്‍കിയതെന്ന് അന്വേഷണസംഘം കരുതുന്നു.

കേരള പൊലീസ് മുംബൈയിലെത്തിയതറിഞ്ഞു മഹാരാഷ്ട്രയിലെ തന്നെ സാംഗ്ലി ജില്ലയിലെ അക്‌ലോഗി എന്ന സ്ഥലത്തെ കരിമ്പിന്‍തോട്ടത്തില്‍ സുഹൃത്തിനൊപ്പം ഒളിവില്‍ താമസിച്ചു. അവിടെവച്ച് അനൂപുമായി വഴി പിരിയുകയും മുംബൈ-ഗോവ അതിര്‍ത്തിയിലെ കുഗ്രാമത്തിലേക്കു കടക്കുകയുമായിരുന്നു. തന്റെ നീക്കം പൊലീസ് കണ്ടെത്താതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു രജീഷിന്റെ യാത്ര. പകരം സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചു. ഈ ഫോണ്‍ നമ്പറുകള്‍ പിന്‍തുടര്‍ന്നാണു പൊലീസ് രജീഷിന്റെ ഒളിവിടം കണ്ടെത്തിയത്.

നേരത്തെകസ്റ്റഡിയിലായിരുന്ന വല്‍സലന്‍ ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചു പൊലീസിനു നിര്‍ണായക സൂചനകള്‍ നല്‍കിയിരുന്നു. കണ്ണൂരില്‍നിന്നുള്ള പതിനൊന്നംഗ പൊലീസ് സംഘം സാവന്തവാടിയിലെ വീട് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനു വളയുകയും ടി.കെ. രജീഷിനെയും ലാലുവിനെയും പിടികൂടുകയുമായിരുന്നു.

അതേസമയം രജീഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കൊപ്പമാണ് രജീഷിനെ പരേഡില്‍ നിര്‍ത്തുക.

രജീഷിനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. വടകരയിലെ അന്വേഷണസംഘത്തിന്റെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. വൈകീട്ട് 4 മണിയ്ക്ക് കോടതിയില്‍ ഹാജരാക്കുന്ന രജീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണഉദ്യോഗസ്ഥര്‍ ആവശ്യപ്പെടും.